ജയ് ശ്രീറാം ഫ്ലക്സിനെതിരെ പാലക്കാട് നഗരസഭയിൽ ദേശീയ പതാക ഉയർത്തി ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം
text_fieldsപാലക്കാട്: നഗരസഭാ ഒാഫീസിന് മേൽ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. നഗരസഭ ഒാഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സ്ഥാനത്ത് ദേശീയ പതാക തൂക്കി. പൊലീസ് ഇടപെട്ടാണ് ദേശീയപതാക എടുത്ത് മാറ്റിയത്.
'ഇത് ആർ.എസ്.എസ്. കാര്യാലയമല്ല, നഗരസഭയാണ്. ഇത് ഗുജറാത്തല്ല, കേരളമാണ്' എന്നെഴുതിയ ഫ്ലക്സുമായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭാ ഒാഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. കുറച്ച് പ്രവർത്തകർ ദേശീയ പതാകകളുമായി നഗരസഭാ ഒാഫീസിന് മുകളിൽ കയറി. ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ സ്ഥാനത്ത് ദേശീയ പതാക തൂക്കുകയും ചെയ്തു. ഫ്ലക്സ് ഉയർത്തിയ പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റി.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് ഫലം വന്നയുടനെയാണ് ബി.ജെ.പി പ്രവർത്തകർ വിവാദമായ ഫ്ലക്സ് നഗരസഭാ ഒാഫീസിനുമുകളിൽ തുക്കിയിത്. ജയ് ശ്രീറാം എന്നെഴുതിയ ഫ്ലക്സിൽ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു. മോദി-അമിത്ഷാമാരുടെ ചിത്രമുള്ള മറ്റൊരു ഫ്ലക്സും ഒാഫീസിന് മുകളിൽ തൂക്കി. നഗരസഭയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ അതിരുവിട്ട് ആഘോഷം. ഫ്ലക്സ് തൂക്കുന്നതിൻെറ വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
വിവാദമായതിന് ശേഷവും സംഭവത്തെ ബി.ജെ.പി നേതാക്കളടക്കം പരസ്യമായി ന്യായീകരിക്കുകയായിരുന്നു. പൊലീസ് പിന്നീട് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. കേസിൽ ബി.ജെ.പി കൗൺസിലർമാരും പോളിങ് ഏജൻറുമാരും പ്രതികളാകുമെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദേശീയപതാക ഉയർത്തിയതുമായി ബന്ധപ്പെട്ടും കേസെടുക്കാൻ നീക്കമുണ്ട്. ശരിയായ രീതിയിലല്ല ദേശീയപതാക ഉയർത്തിയതെന്ന് കാണിച്ച് കേസെടുക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.