നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കണം ഡി.വൈ.എഫ്.ഐ
text_fieldsന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ചിലർ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷൻ പി.എ മുഹമ്മദ് റിയാസ്. വിഷയം രാഷ്ട്രീയമായി കാണേണ്ടതല്ല. സംഭവിച്ചത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഗുണ്ടാസംഘങ്ങൾ രാജ്യത്തു പലയിടത്തും അപകടകാരികളായ വർഗമായി മാറിയിരിക്കുകയാണെന്നും റിയാസ് പറഞ്ഞു.
ക്രിമിനലുകളെ തെരുവിൽ ഉൾപ്പെടെ നേരിടാൻ എല്ലാ യുവജന, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഡി.വൈ.എഫ്.ഐ സഹകരിക്കും. എന്നാൽ, അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന സംഘങ്ങളുമായി കൈകോർത്തിട്ടു കാര്യമില്ല. സദാചാര ഗുണ്ടായിസത്തെ ഒരു പുരോഗമന പ്രസ്ഥാനത്തിനും അംഗീകരിക്കാനാവില്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി.
കൊച്ചിയിലേത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയിലെ ഒരു വാക്ക് അടർത്തിയെടുത്തു പറയുന്നതാണ്. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട കോടിയേരി, ആക്രമണത്തിന് ഇരയായ സ്ത്രീയുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റവാളികളെ പിടികൂടാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുമുണ്ടെന്ന് റിയാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.