ഗവർണർ ആർ.എസ്.എസ് കാര്യവാഹിന്റെ അധിക പണി എടുക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം :കേരള സർക്കാരുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നത് ആർ.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയറ്റ്.കണ്ണൂർ സർവകലാശാല വിഷയത്തിൽ സർവകലാശാലയുടെ സുതാര്യമായ സ്വയം ഭരണത്തിനെയും അത് നിർവഹിക്കാൻ നേതൃത്വം നല്കുന്ന സിൻഡിക്കേറ്റിനേയും വെല്ലുവിളിച്ചു കൊണ്ട് ഏകാധിപത്യ സ്വഭാവം കാണിക്കുകയാണ്.
വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമർശം തറവേലയുടെ ഭാഗമാണ്. കണ്ണൂർ വി.സി ക്രിമിനൽ ആണെന്നാണ് ഏറ്റവുമൊടുവിൽ ഗവർണർ നടത്തിയ പരാമർശം. മറ്റ് കേന്ദ്ര സർവകലാശാലകളിൽ ബി.ജെ.പി സംഘ പരിവാർ അജണ്ടകൾ നടത്തിയെടുക്കും പോലെ കേരളത്തിലെ വിവിധ സർവകലാശാലകളിൽ ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിച്ചു കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മെറിറ്റ് തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്.
ഇത് സർവകലാശാലകളുടെ സ്വയംഭരണത്തെ സാരമായി ബാധിക്കുന്നതാണ്. മുന്നേ കണ്ണൂരിൽ വച്ച് നടന്ന ദേശീയ ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധവും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുതയുടെ പുറകിലുണ്ട്.
അക്കാദമിക് ബിരുദങ്ങൾ നേടി പ്രാഗത്ഭ്യം തെളിയിച്ച്, അദ്ധ്യാപകനായി വർഷങ്ങൾ ജോലി ചെയ്ത്, സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത വ്യക്തിയാണ് കണ്ണൂർ വി.സി. എന്നാൽ ജീവിതത്തിലുടനീളം പല രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ച കരിയർ രാഷ്ട്രീയക്കാരനായി ഇന്ന് ബി.ജെ.പി പാളയത്തിലെത്തി അവരുടെ അജണ്ടകൾ നടത്തിക്കൊടുക്കാൻ പരിശ്രമിക്കുകയാണ് കേരള ഗവർണർ.
കേരളത്തിലെ സർവകലാശാലകളെ ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് നൽകാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് ഗവർണറുടെ നീക്കങ്ങൾ. കേരളത്തിലെ ജനാധിപത്യ സർക്കാരിനേയും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സർവകലാശാലകളെയും തകർക്കാൻ ശ്രമിക്കുകയാണ് കേരള ഗവർണറെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.