ബി.ജെ.പി നേതാവ് പ്രതിയായ കള്ളനോട്ട് കേസ്: പിടിയിലായവർക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമില്ലെന്ന്
text_fieldsകൊടുങ്ങല്ലൂരിൽ ബി.ജെ.പി നേതാവ് പ്രതിയായ കള്ളനോട്ട് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നു പേർക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ഡി.വൈ.എഫ്.ഐ. അറസ്റ്റിലായ മേത്തല ടി.കെ.എസ് പുരം കുന്നത്ത് വീട്ടിൽ ഷമീർ (35), അരാകുളം വെസ്റ്റ് എടവനക്കാട്ട് വീട്ടിൽ മനാഫ് (33), എടവിലങ്ങ് കാര കാതിയാളം കുറപ്പം വീട്ടിൽ ഷനീർ (35) എന്നിവർ തങ്ങളുടെ പ്രവർത്തകരല്ലെന്ന് ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂർ ബ്ലോക്ക് സെക്രട്ടറി കെ.എ. ഹസ്ഫൽ വാർത്താ കുറിപ്പിൽ അറിയിച്ചു.
ജൂലായ് ഏഴിന് രാത്രി മേത്തല സ്വദേശിയും ബി.ജെ.പി പ്രവർത്തകനുമായ ജിത്തു സഞ്ചരിച്ച ഇരുചക്രവാഹനം കരൂപ്പടന്നയിൽ അപകടത്തിൽപ്പെട്ടപ്പോൾ കണ്ടെത്തിയ കള്ളനോട്ടുമായി ബന്ധപ്പെട്ട കേസിലാണ് ഇവരുടെ അറസ്റ്റ്. കള്ളനോട്ട് അടിച്ച് വിതരണം ചെയ്യുന്ന 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്' എന്നറിയപ്പെടുന്ന ബി.ജെ.പി നേതാവായ ഏറാശ്ശേരി രാകേഷ്, സഹോദരൻ രാജീവ് എന്നിവരെ ഈ കേസിൽ കഴിഞ്ഞ ദിവസം ബംഗളൂരുവിൽനിന്ന് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ജിത്തുവിൽനിന്നും ലഭിച്ച 1,78,500 രൂപയുടെ അഞ്ഞൂറിൻെറ നോട്ടുകൾ അറസ്റ്റിലായവർക്ക് നൽകാനായി പാലക്കാട്നിന്ന് കൊണ്ട് വരും വഴിയാണ് ബൈക്ക് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. മനാഫിൻെററെ ഇരുചക്രവാഹനത്തിലാണ് ജിത്തു കള്ളനോട്ട് കൊണ്ടുവരാനായി പോയത്.
ബി.ജെ.പി നേതാക്കൾ നടത്തുന്ന കള്ളനോട്ട് ഇടപാടിനെ വെള്ള പൂശാനുള്ള ഹീന ശ്രമങ്ങൾ ജനങ്ങൾ തിരസ്കരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മാധ്യമം വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
അതേസമയം, അറസ്റ്റിലായവരുടെ പാർട്ടി ബന്ധം വ്യക്തമാക്കുന്ന നിരവധി ഫേസ്ബുക് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ ഇവർ പങ്കെടുത്തതിൻെറയും സോഷ്യൽ മീഡിയയിൽ സി.പി.എം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൻെറയും ചിത്രങ്ങളാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.