നൈറ്റ് ലൈഫിൽ കോഴിക്കോട് മേയറെ തള്ളി ഡി.വൈ.എഫ്.ഐ; ‘രാത്രി കടകൾ അടക്കണമെന്ന നിലപാട് സംഘടനക്കില്ല’
text_fieldsകോഴിക്കോട്: നൈറ്റ് ലൈഫിന് തടയിടണമെന്നും നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ലെന്നുമുള്ള കോഴിക്കോട് മേയർ ബീന ഫിലിപ്പ് അഭിപ്രായം തള്ളി ഡി.വൈ.എഫ്.ഐ. നൈറ്റ് ലൈഫിനോട് എതിര്‍പ്പില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി.
കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ രാത്രി കടകൾ അടക്കണമെന്ന നിലപാട് സംഘടനക്കില്ല. രാത്രി സ്ഥാപനങ്ങളുടെ മറവിൽ ലഹരി ഇടപാട് നടക്കുന്ന സാഹചര്യം ഒഴിവാക്കണം. കോവൂരിൽ ഉണ്ടായത് പ്രാദേശിക പ്രശ്നമാണെന്നും വി.കെ. സനോജ് ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ ഡി.വൈ.എഫ്.ഐ അടിച്ചു തകര്‍ത്തിരുന്നു. രാത്രി കച്ചവടത്തിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെ കടക്കാർ തള്ളിയെന്ന് ആരോപിച്ചാണ് പൊലീസിന്‍റെ സാന്നിധ്യത്തിൽ കടകൾ തല്ലി തകർത്തത്. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി.
കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ രാത്രി കടകളുടെ പേരിൽ നാട്ടുകാരും കച്ചവടക്കാരും തമ്മിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പ് നൈറ്റ് ലൈഫിനെതിരെ രംഗത്ത് വന്നത്. നൈറ്റ് ലൈഫിന് തടയിടണമെന്നും നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ലെന്നുമാണ് മേയർ പ്രതികരിച്ചത്. കുട്ടികൾ നുണ പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി.
രാത്രികാല കച്ചവടങ്ങളുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കോർപറേഷൻ അല്ല ഇവർക്ക് ലൈസൻസ് നൽകുന്നത്. കേന്ദ്ര സർക്കാറിന്‍റെ ഉദ്യം രജിസ്ട്രേഷൻ വഴിയാണ് കച്ചവടം തുടങ്ങുന്നത്. ഇതിന്‍റെ മറവിൽ ചെറുപ്പക്കാർ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നാട്ടുകാരും പൊലീസും ലഹരി ഉപയോഗത്തിനെതിരെ ഉണർന്ന് പ്രവർത്തിക്കണമെന്നും മേയർ ആവശ്യപ്പെട്ടു.
ഇരുവശങ്ങളിലുമായി ഫുഡ് കോർട്ടുകൾ നിറഞ്ഞതോടെ രാത്രിയിൽ വൻ തിരക്കാണ് മിനി ബൈപ്പാസിൽ അനുഭവപ്പെടുന്നത്. റോഡിലെ അനധികൃത പാർക്കിങ്ങും സംഘർഷവും ഏറെ ബുദ്ധിമുട്ടായതോടെ നാട്ടുകാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് ലഹരി വിൽപനയും സജീവമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടുത്തിടെ മിനി ബൈപാസിൽ ലഹരി വിൽപനക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
പ്രദേശത്ത് സംഘർഷം പതിവായിരിക്കുന്ന സാഹചര്യത്തിൽ സമീപപ്രദേശങ്ങളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിരുന്നു. ഒരു മാസം 10.30ന് ശേഷം കടകൾ പൂട്ടി സ്ഥിതിഗതികൾ പരിശോധിക്കാമെന്ന ആശയമാണ് കൗൺസിലർമാർ മുന്നോട്ട് വച്ചത്. എന്നാൽ, ഇരുകൂട്ടരും പരസ്പരം തീരുമാനങ്ങൾ അംഗീകരിക്കാതെ വന്നതോടെ പ്രശ്ന പരിഹാരമാകാതെ യോഗം പിരിയുകയായിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നാട്ടുകാർ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. രാത്രി 10.30ന് ശേഷം കടകൾ തുറക്കരുതെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. എന്നാൽ, 12 മണി വരെയെങ്കിലും കടകൾ തുറക്കാൻ അനുവദിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.