'ആധുനികലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന സിനിമാറ്റിക് കോമാളി'; സുരേഷ് ഗോപിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവ് സുരേഷ് ഗോപി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് ഡി.വൈ.എഫ്.ഐ. സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായാണ് ജീവിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും.
തന്‍റെ ദേഹത്ത് സ്പർശിച്ചപ്പോൾ ഒരുവട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും അതേ പോലെ പെരുമാറിയപ്പോൾ അദ്ദേഹത്തിന്‍റെ കൈ അവർക്ക് തന്നെ എടുത്ത് മാറ്റേണ്ടി വന്നു. ഇത്രയും മോശമായി ഒരു വ്യക്തിയുടെ അനുവാദം കൂടാതെ അവരെ ശരീരത്തിൽ സ്പർശിച്ച വഷളത്തരം അദ്ദേഹം പേറുന്ന ജീർണ്ണ രാഷ്ട്രീയ സംഹിതയുടെ ബാക്കിപത്രം കൂടിയാണെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവർത്തക അറിയിച്ചു. നിയമനടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി. ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമീഷനില്‍ പരാതി നൽകുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.