ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറാണ് സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പഠിക്കുവാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഒരു കമ്മിറ്റി ആദ്യമായിട്ടാണ്.
സിനിമാ സെറ്റുകളിൽ സ്ത്രീകൾ കടുത്ത വിവേചനവും, ലൈംഗിക ചൂഷണവും നേരിടുന്നതായും, എതിർപ്പ് പറഞ്ഞാൽ അവസരങ്ങൾ നിഷേധിക്കപ്പെടുന്നതായും കാസ്റ്റിങ് കൗച്ച് ഉണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി മുന്നോട്ട് വച്ച ശുപാർശകൾ സർക്കാർ കൂടിയാലോചന നടത്തി പ്രയോഗത്തിൽ വരുത്തണം. ലോകസിനിമയിൽ തന്നെ ശ്രദ്ധേയമായ പല നേട്ടങ്ങളും അടയാളപ്പെടുത്തിയതാണ് മലയാള സിനിമ.
കേരളത്തിൻ്റെ സാംസ്കാരിക മുന്നേറ്റത്തിൽ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ഇതിനെ കളങ്കപ്പെടുത്തുന്നവർ നടപടിക്ക് വിധേയരാവണം. എന്നാൽ ഇതിൻറെ പേരിൽ എല്ലാവരും മോശക്കാരാണ് എന്ന പ്രചാരണവും പാടില്ല. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്ന പ്രവണത ഇല്ലാതാക്കണം.
മലയാള സിനിമക്ക് അതിൻറെ സാംസ്കാരിക ഔന്നത്യത്തോടെ മുന്നോട്ടു പോവാൻ കഴിയുന്ന വിധത്തിൽ റിപ്പോർട്ട് വിശദമായ പഠനത്തിന് വിധേയമാക്കി പ്രശ്നപരിഹാരം സാധ്യമാക്കുവാൻ സർക്കാർ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.