ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡി.വൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തു
text_fieldsകൊച്ചി: ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. സാബുവിന്റേത് ഗുരുതര അച്ചടക്കലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തിയതായും ഉത്തരവിലുണ്ട്. വിരുന്നിൽ പങ്കെടുത്ത വിവരം പുറത്തായതോടെ സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. വെള്ളിയാഴ്ച വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സാബു.
പാര്‍ട്ടിയില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് നേരത്തെ തന്നെ സസ്പെൻഷൻ ലഭിച്ചിരുന്നു. ഒരു സി.പി.ഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്.പി. സസ്പെന്റ് ചെയ്ത്. മൂന്നാമതൊരു പൊലീസുകാരൻ കൂടി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹം വിജിലൻസില്‍ നിന്നുള്ളയാളാണ്. ഈ ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തു.
തമ്മനം ഫൈസലിന്‍റെ അങ്കമാലിയിലുള്ള വീട്ടില്‍ നടന്ന പാര്‍ട്ടിയിലാണ് എം.ജി. സാബുവും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള റെയ്ഡിന്റെ ഭാഗമായി ഫൈസലിന്‍റെ വീട്ടിൽ എത്തിയ അങ്കമാലി എസ്.ഐയും സംഘവും പൊലീസുകാരെ കണ്ടതോടെയാണ് സംഭവം വെളിച്ചത്താകുന്നത്. ഈ വേളയിൽ ഡി.വൈ.എസ്.പി എം.ജി. സാബു ശുചിമുറിയിൽ കയറി ഒളിക്കുകയായിരുന്നുവെന്ന് പറയുന്നു.
എന്നാൽ, പൊലീസുകാർക്കായി വീട്ടിൽ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നും ഗുണ്ടാ നേതാവ് തമ്മനം ഫൈസൽ പറഞ്ഞു. ആരോപണ വിധേയനായ ഡി.വൈ.എസ്.പി എം.ജി സാബുയെ അറിയുമില്ല, അങ്ങനെ ഒരാളെ തന്റെ വീട്ടിൽ നിന്ന് പിടിച്ചിട്ടുമില്ലെന്ന് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.
തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിന് പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി.സാബുവിനെയും മറ്റുമൂന്ന് പൊലീസുകാരെയും അങ്കമാലി പൊലീസ് കൈയോടെ പൊക്കിയിരുന്നു. സംഭവത്തിൽ രണ്ട് പൊലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിവൈ.എസ്.പിക്കും മറ്റൊരു പൊലീസുകാരനുമെതിരെ വകുപ്പുതല അന്വേഷണത്തിന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തമ്മനം ഫൈസലിന്റെ പ്രതികരണം.
"വീട്ടിൽ മൂന്ന് പേർ ആദ്യം വന്നു. പിറകെ ഒരുവണ്ടി പൊലീസുകാർ വന്നു. എന്നോടും അവരോടും സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞു. ഞാൻ എവിടെയെല്ലാം പോയെന്നും വീട്ടിൽ താമസക്കാർ ആരെല്ലാമാണെന്നൊക്കെയാണ് ചോദിച്ചത്. പത്തുമിനിറ്റിനകം വിടുകയും ചെയ്തു. വീട്ടിൽ പാർട്ടി നടത്തിയിട്ടില്ല, സസ്പെൻഷനിലായ ഡി.വൈ.എസ്.പിയെ അറിയുക പോലുമില്ല. ഞാൻ കരുതൽ തടങ്കലിലാണെന്ന് പറയുന്നത് കേൾക്കുന്നു. എന്നാൽ എനിക്കറിയില്ലെന്നും ഇവിടെ എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയുകയില്ല"- ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.