മാവോവാദി നേതാവ് ഡാനിഷിന് കോവിഡ്; ഡിവൈ.എസ്.പിയടക്കം നിരീക്ഷണത്തിൽ
text_fieldsകോഴിക്കോട്: വിയ്യൂർ അതിസുരക്ഷാ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ ഉടൻ പൊലീസ് അറസ്റ്റ്ചെയ്ത മാവോവാദി നേതാവ് ഡാനിഷിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിവൈ.എസ്.പിയടക്കം പൊലീസുകാർ നിരീക്ഷണത്തിലായി. ഡാനിഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിേലക്ക് മാറ്റി. ഹാജരാക്കിയ ജില്ല കോടതി ഹാളും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു.
കോയമ്പത്തൂര്‍ രാമനാഥപുരം സ്വദേശിയായ ഡാനിഷിനെ ജയിലിൽനിന്ന് ഇറങ്ങിയയുടൻ ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) കോഴിക്കോട് യൂനിറ്റ് വിയ്യൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കി ഒക്ടോബർ എട്ട് വരെ റിമാൻഡ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുകയും കോടതിയില്‍ എത്തിക്കുകയുംചെയ്ത എ.ടി.എസ്, ഡിവൈ.എസ്.പി ഉള്‍പ്പെടെ ക്രൈംബ്രാഞ്ചിലെ 10 പേരും പ്രതിയെ താമസിപ്പിച്ച ടൗണ്‍സ്റ്റേഷനിലെ എസ്.ഐയടക്കം അഞ്ചു പേരുമാണ് നിരീക്ഷണത്തിലായത്.
വിയ്യൂരില്‍നിന്ന് കഴിഞ്ഞ എട്ടിന് രാത്രിയാണ് ഡാനിഷിനെ കോഴിക്കോടെത്തിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സി.ഐ ഓഫിസിലെ ലോക്കപ്പിലായിരുന്നു പ്രതികളെ താമസിപ്പിച്ചിരുന്നതെങ്കിലും സുരക്ഷാഭീഷണി പേടിച്ച് ടൗണ്‍സ്റ്റേഷനിൽ ലോക്കപ്പില്‍ താമസിപ്പിക്കാന്‍ എ.ടി.എസിന് അനുമതി നല്‍കുകയായിരുന്നു.
വിയ്യൂര്‍ ജയിലില്‍നിന്ന് വരുംവഴി മെഡിക്കല്‍കോളജില്‍ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെങ്കിലും കോഴിക്കോട് ജയിലിലേക്ക് കൊണ്ടുപോവും വഴി പിന്നെയും പരിശോധിച്ചതിലാണ് പോസിറ്റീവായത്. കോടഞ്ചേരി കുരോട്ടുപാറയില് രണ്ട് കുടുംബങ്ങളെ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് എ.ടി.എസ് ഡാനിഷിനെ അറസ്റ്റ് ചെയ്തത്.
പുതുപ്പാടി, മട്ടിക്കുന്ന് ഭാഗങ്ങളിൽ വീടുകളിൽ ലഘുലേഖ വിതരണംചെയ്ത് സായുധവിപ്ലവത്തിന് ആഹ്വാനംചെയ്തുവെന്നും നിർബന്ധിച്ച് പണവും ഭക്ഷണവും ശേഖരിച്ചുവെന്നും മറ്റുമുള്ള കുറ്റവും മാവോവാദികൾക്കെതിരെ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.