മുട്ടിൽ മരംമുറി കേസ് പ്രതികള്‍ വ്യാജവാർത്ത പ്രചരിപ്പിക്കുന്നെന്ന്: അന്വേഷണസംഘത്തിൽനിന്ന് തന്നെ മാറ്റണമെന്ന് ഡിവൈ.എസ്.പി ബെന്നി
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണസംഘത്തിൽനിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. മുട്ടിൽ മരംമുറി കേസിലെ പ്രതികള്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാറിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നതായും കത്തിൽ പറയുന്നു.
താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകുന്നതിന് മുമ്പ് അഭിഭാഷകനെ കാണണമെന്ന് സസ്പെൻഷനിലായ എസ്.ഐയോട് വി.വി. ബെന്നി നിർദേശിക്കുന്ന ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. കത്തിൽ ഡി.ജി.പി ഇതേവരെ തീരുമാനം എടുത്തിട്ടില്ല. താനൂരില്‍ എം.ഡി.എം.എ കേസില്‍ എസ്.പിയുടെ കീഴിലുള്ള ഡാന്‍സഫ് പിടിച്ച സംഘത്തിലെ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ താനൂര്‍ എസ്.ഐ. കൃഷ്ണലാലിനും ഡാന്‍സഫ് സംഘത്തിനുമെതിരേ പൊലീസ് നടപടി സ്വീകരിച്ചു. ഇതിനിടെയാണ്, എസ്.ഐ കൃഷ്ണലാലുമായി വി.വി. ബെന്നി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞദിവസം പുറത്തുവന്നത്.
നേരത്തെ, മുട്ടിൽ മരംമുറി കേസിൽ പ്രധാന പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെയും ഇവരുടെ കാർ ഡ്രൈവർ വിനീഷിനെയും 2021 ജൂലൈ 28ന് കുറ്റിപ്പുറത്തുവെച്ച് അന്നത്തെ തിരൂർ ഡിവൈ.എസ്.പിയായ ബെന്നിയാണ് അറസ്റ്റ് ചെയ്തിരുന്നത്. അമ്മ മരിച്ചതറിഞ്ഞ് വയനാട്ടിലെ വീട്ടിലേക്ക് പോകുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ചാണ് ഇവർ പിടിയിലായത്. തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ഇവരുടെ വാഹനം കാമറയിൽ പതിഞ്ഞതിനെത്തുടർന്ന് ലഭിച്ച വിവരത്തിെൻറ അടസ്ഥാനത്തിലായിരുന്നു പ്രതികൾ വലയിലായത്.
കേസില്‍ മരങ്ങളുടെ കുറ്റിയും മുറിച്ചുകടത്തിയ മരത്തടിയും ചേര്‍ത്തുള്ള ഡി.എന്‍.എ പരിശോധന, ശാസ്ത്രീയ പരിശോധനകള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി സുപ്രധാനമായ പല തെളിവുകളും ശേഖരിക്കുകയും കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് പ്രവേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രതികളുടെ സമ്മര്‍ദം താങ്ങാനാവുന്നില്ലെന്ന് ബെന്നി പറയുന്നത്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പ്രതികള്‍ അന്വേഷണം വഴിതിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അന്വേഷണസംഘത്തിൽ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്.
അതേസമയം, സസ്പെൻഷനിലായ എസ്.ഐയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഡിവൈ.എസ്.പി വി.വി. ബെന്നി ‘മാധ്യമ’ത്തോട് പറഞ്ഞു. ആശങ്കയിലായ എസ്.ഐയെ സമാധാനിപ്പിക്കാനാണ് അങ്ങനെ പറഞ്ഞതെന്നാണ് ബെന്നിയുടെ ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.