ഡിവൈ.എസ്.പിമാർക്കും അകമ്പടി ഡ്യൂട്ടി; പണത്തിനാണെന്ന് മാത്രം
text_fieldsതിരുവനന്തപുരം: 350 കോടിക്കുമുകളിലുള്ള തുക കൊണ്ടുപോകാൻ ഇനി ഡിവൈ.എസ്.പിമാർ അകമ്പടി പോകേണ്ടി വരും. കാഷ് എസ്കോർട്ട് ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കുന്നത് സംബന്ധിച്ച പൊലീസ് മാനുവലിലെ 435(2)എ വകുപ്പ് ഭേദഗതി ചെയ്തതോടെയാണിത്. ഓരോ ഇൻസ്പെക്ടറും എസ്.ഐയും സീനിയർ സി.പി.ഒയും നാല് സി.പി.ഒയുമായിരുന്നു ഇതുവരെ അഞ്ചു ലക്ഷം രൂപ മുതലുള്ള സംഖ്യക്ക് സുരക്ഷ ഒരുക്കിയിരുന്നത്.
കോടിക്കുമുകളിലുള്ള രൂപക്ക് അകമ്പടി അംഗബലം എത്രയെന്ന് പൊലീസ് മാനുവലിൽ ഇല്ലെന്നും അത്തരം അപേക്ഷ ലഭിക്കുമ്പോൾ സേനാംഗങ്ങളെ നിയോഗിക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതായും സംസ്ഥാന പൊലീസ് മേധാവി സർക്കാറിനെ അറിയിച്ചിരുന്നു. ഉത്തരവ് പരിഷ്കരിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ബാങ്കുകളിലെ മുഷിഞ്ഞ നോട്ടുകൾ ആർ.ബി.ഐയിലേക്ക് കൊണ്ടുപോകുമ്പോഴും കറൻസി ചെസ്റ്റുകൾ ഉള്ള ബാങ്കിൽ നിന്ന് മറ്റുബാങ്കുകളിലേക്കും തിരിച്ചും പണം കൊണ്ടുപോകുമ്പോഴും പൊലീസ് സുരക്ഷ ഒരുക്കാറുണ്ട്. കാഷ് എസ്കോർട്ട് ഡ്യൂട്ടി ചെയ്തതിന്റെ വിവരം ഉൾക്കൊള്ളിച്ച് എല്ലാ മാസവും ബിൽ സമർപ്പിക്കാറുണ്ട്.കഴിഞ്ഞ വർഷം മേയ്, ആഗസ്റ്റ് മാസങ്ങളിലായി പൊലീസ് മേധാവി സർക്കാറിന് കത്ത് നൽകിയിരുന്നു. നിലവിലെ എസ്കോർട്ടിന് പുറമെയല്ല പുതിയ പ്രപ്പോസലായി നൽകിയതാണെന്നും ഡി.ജി.പി റിപ്പോർട്ട് ചെയ്തിരുന്നു.
ഭേദഗതി പ്രകാരം അകമ്പടി ഡ്യൂട്ടിക്ക് ആശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണം (തുക കോടിയിൽ)
10 കോടി വരെ: സീനിയർ സി.പി.ഒ (എസ്.സി.പി.ഒ)-ഒന്ന്, സി.പി.ഒ-രണ്ട്
10- 50 വരെ: എസ്.ഐ-ഒന്ന്, എസ്.സി.പി.ഒ- ഒന്ന്, സി.പി.ഒ-മൂന്ന്
50 -100 വരെ: എസ്.ഐ -ഒന്ന്, എസ്.സി.പി.ഒ- രണ്ട്, സി.പി.ഒ നാല്.
100 -200 വരെ: ഇൻസ്പെക്ടർ -ഒന്ന്, എസ്.ഐ -ഒന്ന്, എസ്.സി.പി.ഒ- രണ്ട്, സി.പി.ഒ-നാല്.
200- 350 കോടി രൂപ വരെ: ഇൻസ്പെക്ടർ -ഒന്ന്, എസ്.ഐ -രണ്ട്, എസ്.സി.പി.ഒ- രണ്ട്, സി.പി.ഒ-നാല്.
350 കോടി രൂപക്കു മുകളിൽ: ഡിവൈ.എസ്.പി ഒന്ന്, ഇൻസ്പെക്ടർ -ഒന്ന്, എസ്.ഐ -ഒന്ന്, എസ്.സി.പി.ഒ- രണ്ട്, സി.പി.ഒ-ആറ്.
നിലവിലുണ്ടായിരുന്ന വ്യവസ്ഥ
50,000 രൂപക്ക് താഴെ: എച്ച്.സി/എസ്.സി.പി.ഒ-ഒന്ന്, സി.പി.ഒ-രണ്ട്
1,00,000 രൂപക്ക് താഴെ: എച്ച്.സി/എസ്.സി.പി.ഒ-ഒന്ന്, സി.പി.ഒ-മൂന്ന്
ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ: എസ്.ഐ ഒന്ന്, എച്ച്.സി/എസ്.സി.പി.ഒ-ഒന്ന്, സി.പി.ഒ-നാല്
അഞ്ചു ലക്ഷം രൂപ മുതൽ: ഇൻസ്പെക്ടർ-ഒന്ന്, എച്ച്.സി/എസ്.സി.പി.ഒ-ഒന്ന്, സി.പി.ഒ-നാല്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.