ഗുണ്ടയുടെ വീട്ടിലെ വിരുന്ന് ഡിവൈ.എസ്.പിയുടെ യാത്രയയപ്പിന് കെട്ടിയ പന്തൽ അഴിച്ചുമാറ്റി
text_fieldsആലപ്പുഴ: ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ജി. സാബുവിന് യാത്രയയപ്പ് നൽകുന്നതിനായി കെട്ടിയ പന്തൽ പൊലീസ് അഴിച്ചുമാറ്റി. ഗുണ്ടയുടെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത സംഭവം പുറത്തായതോടെയാണ് പന്തൽ അഴിച്ചുമാറ്റിയത്. മേയ് 31നാണ് സാബു സർവിസിൽനിന്ന് വിരമിക്കുന്നത്. അതിനിടെയാണ് ഗുണ്ട പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തിയ തമ്മനം ഫൈസലിന്റെ വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കവേ പൊലീസ് പിടിയിലായത്. യാത്രയയപ്പ് നൽകുന്നതിനായി ആർഭാടമായ ചടങ്ങ് ഒരുക്കുന്നതിനാണ് പദ്ധതിയിട്ടിരുന്നത്.
ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് ഗംഭീര യാത്രയയപ്പ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്നറിയുന്നു. ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ സാമ്പത്തിക ഉറവിടവും സംശയാസ്പദമാണ്. ഗുണ്ട നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപറേഷൻ ആഗ്’ പരിശോധനക്കിടെയാണ് അങ്കമാലി പൊലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽനിന്ന് ഡിവൈ.എസ്.പിയെയും പൊലീസുകാരെയും പിടികൂടിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിന് പിന്നാലെയാണ് എം.ജി. സാബു സ്ഥലംമാറി ആലപ്പുഴയിലെത്തിയത്. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അവധിക്കുപോയി തിരിച്ചുവരുമ്പോഴാണ് ഡിവൈ.എസ്.പിയും സംഘവും ഗുണ്ട നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. നേരത്തേ ഇദ്ദേഹം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആയിരുന്നു.
വിരുന്നൊരുക്കിയിട്ടില്ലെന്ന് തമ്മനം ഫൈസൽ
കൊച്ചി: പൊലീസുകാർക്കായി തന്റെ വീട്ടിൽ വിരുന്നൊരുക്കിയിട്ടില്ലെന്ന് ഗുണ്ടനേതാവായി അറിയപ്പെടുന്ന തമ്മനം ഫൈസൽ. തന്റെ വിരുന്നിൽ പങ്കെടുത്തെന്ന് പറയുന്ന ഡിവൈ.എസ്.പി എം.ജി. സാബുവിനെ അറിയില്ല. ആരോപണത്തിനുപിന്നിൽ ദുരൂഹതയുണ്ട്. തന്റെ പേരിൽ നിലവിൽ കേസുകളില്ല. തന്റെ ശത്രുക്കളാരോ മനഃപൂർവം കുടുക്കാൻ ചെയ്യുന്നതാണിതെല്ലാമെന്നും ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.