ഇ അബാക്കസ് സിസ്റ്റം: ജല അതോറിറ്റി നൽകിയ അനധികൃത ബില്ല് അസാധുവാക്കി കൺസ്യൂമർ കമീഷൻ
text_fieldsആറാട്ടുപുഴ: കേരള ജല അതോറിറ്റി അന്യായമായി ഉപഭോക്താക്കൾക്ക് നൽകിയ അധിക ബിൽ തുക അസാധുവാക്കി കോടതി വിധി. ആലപ്പുഴ കൺസ്യൂമർ കമ്മീഷനാണ് വിധിപുറപ്പെടുവിച്ചത്. ഇ അബാക്കസ് സിസ്റ്റം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അതോറിറ്റി ബിൽ നൽകാൻ തുടങ്ങിയതോടെയാണ് ഗാർഹിക ഉപഭോക്താക്കൾ വെട്ടിലായത്.
അപ്രതീക്ഷിതമായി അതോറിറ്റി നൽകിയ കുടിശ്ശിക തുക അവിശ്വസനീയമായിരുന്നു. ഈ കുടിശ്ശിക ഉടൻ അടച്ചില്ലെങ്കിൽ വീടുകളിലെ കുടിവെള്ള കണക്ഷനുകൾ വിേഛദിക്കും എന്നായിരുന്നു അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കൾ വാട്ടർ അതോറിറ്റിയുടെ കായംകുളം അസിസ്റ്റന്‍റ് എൻജിനീയർ കാര്യാലയത്തിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയത്രയും അടയ്ക്കാൻ ഉപഭോക്താക്കൾ ബാധ്യസ്ഥരാണന്നായിരുന്നു അധികൃതരുടെ നിലപാട്. ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ തുക പതിനായിരങ്ങളിലേക്ക് ഉയരാനുള്ള കാരണം വിശദീകരിക്കാനും അവർക്ക് കഴിഞ്ഞില്ല. ഗഡുക്കളായി പണം അടയ്ക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കാമെന്ന് മാത്രമായിരുന്നു അധികൃതരുടെ വാഗ്ദാനം. ഇതോടെ, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ശ്യാംകുമാർ ഉപഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്തു. അദ്ദേഹത്തിന്‍റെ നിർദ്ദേശപ്രകാരം ആറാട്ടുപുഴ രാമഞ്ചേരിയിൽ നിന്നുള്ള ഉപഭോക്താക്കളാണ് പരാതിയുമായി കൺസ്യൂമർ കമ്മീഷനെ സമീപിച്ചത്. പരാതികൾ പരിശോധിച്ച കോടതി, അതോറിറ്റി പരാതിക്കാർക്ക് നൽകിയ അനധികൃത ബില്ലുകൾ അസാധുവാക്കുകയും പരാതിക്കാർക്ക് നഷ്ടപരിഹാരവും കോടതി ചെലവും നൽകാൻ വാട്ടർ അതോറിറ്റിയോട് ഉത്തരവിടുകയും ചെയ്തു. പരാതിക്കാർക്ക് വേണ്ടി മാവേലിക്കര കോടതിയിലെ അഡ്വ :ബേബി ശ്രീജ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.