Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൾഫിനെ...

ഗൾഫിനെ ഇന്ത്യയോടടുപ്പിച്ച അഹമ്മദ്

text_fields
bookmark_border
ഗൾഫിനെ ഇന്ത്യയോടടുപ്പിച്ച അഹമ്മദ്
cancel

ഇ. അഹമ്മദിനെ മുസ് ലിം ലീഗിന്‍റെ എക്കാലത്തെ ജനകീയ മുഖം സി.എച്ച് മുഹമ്മദ് കോയ നൽകിയ വിശേഷണമാണ് 'പറക്കും തളിക'. ഈ വിശേഷണം അക്ഷരാഥത്തിൽ യാഥാർഥ്യമാക്കിയ ജീവിതവും രാഷ്ട്രീയവുമാണ് അഹമ്മദിന്‍റേത്. ഭൂമിയിൽ ഉള്ളതിനേക്കാൾ സമയം ഇന്ത്യയുടെയും ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെയും ആകാശത്തിലൂടെയാണ് അഹമ്മദ് പറന്നു നടന്നിരുന്നത്. മനുഷ്യർ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യുകയും പോകാൻ ഭയപ്പെടുന്ന സ്ഥലങ്ങളിൽ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. 

ഇന്ത്യ പ്രതിനിധാനം ചെയ്ത് നാല് തവണ അറബ് ലീഗിലും ജി77 സമ്മേളനത്തിലും പ്രതിനിധിയായത് ഇ. അഹമ്മദിന് ലഭിച്ച വലിയ അംഗീകാരമാണ്. അമേരിക്കൻ പ്രേരിത ആണവ പ്രമേയം ഇറാനുമായുള്ള ബന്ധം മോശമാക്കിയ സാഹചര്യത്തിൽ ഇറാൻ നേതാക്കളുമായി സംസാരിക്കാൻ പ്രധാനമന്ത്രി നിയോഗിച്ചത് അഹമ്മദിനെയാണ്. 1982 മുതൽ തുടർച്ചയായ ആറു വർഷം ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിലും 1993ൽ കോമൺവെൽത്ത് പാർലമെന്‍ററി കോൺഫറൻസിലും 2000ൽ ജോർദാൻ ലോക പാർലമെന്‍ററി കോൺഫറൻസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. യു.എന്നിൽ കശ്മീരിന് വേണ്ടി ആവേശത്തോടെ വാദിച്ച അഹമ്മദ് രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടു. 

ഇന്ദിര ഗാന്ധി മുതൽ രാജ്യം ഭരിച്ച എല്ലാം പ്രധാനമന്ത്രിമാരും മികച്ച സൗഹൃദം അഹമ്മദ് വെച്ചു പുലർത്തി. 1984ൽ കേരള വ്യവസായി മന്ത്രിയായിരിക്കെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ ഉന്നതതല സംഘത്തെ നയിക്കാൻ ഇന്ദിര ഗാന്ധി നിയോഗിച്ചത് അഹമ്മനിനെയായിരുന്നു. ഗൾഫ് രാഷ്ട്രത്തലവന്മാരെ കണ്ട് കൂടിക്കാഴ്ച നടത്താനായി പ്രത്യേക ദൂതനായും അദ്ദേഹം നിയോഗിക്കപ്പെട്ടു. സോമാലിയിൽ ഇന്ത്യക്കാർ തടവിലായപ്പോഴും ഇറാഖിൽ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോയപ്പോഴും ലിബിയൻ പ്രക്ഷോഭത്തിൽ പൗരന്മാർ ഒറ്റപ്പെട്ടപ്പോഴും രാജ്യതാൽപര്യം സംരക്ഷിക്കാൻ കേന്ദ്രമന്ത്രി അഹമ്മിന്‍റെ നയതന്ത്രപാടവം മുതൽകൂട്ടായി. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢപ്പെട്ടത് അദ്ദേഹത്തിന്‍റെ കാലത്താണ്. 


പ്രധാനമന്ത്രി മൻമോഹൻ സിങ് വിദേശകാര്യ സഹമന്ത്രി സ്ഥാനം അഹമ്മദിന് നൽകിയത് വഴി വിദേശ രാജ്യങ്ങളുമായി തകർക്കാൻ പറ്റാത്ത പാലമാണ് നിർമിച്ചത്. ഇതിലൂടെ ഗൾഫ്, പശ്ചിമേഷ്യ, വടക്കൻ ആഫ്രിക്ക, മധേഷ്യ, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായും സുദൃഢമായ ബന്ധം സ്ഥാപിക്കാൻ യു.പി.എ സർക്കാറിന് സാധിച്ചു. പശ്ചിമേഷ്യയിൽ ഫലസ്തീൻ വിഷയത്തിലും ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അഹമ്മദ് പ്രയത്നിച്ചു. ഗൾഫ് ഭരണകൂടങ്ങളുടെ ഏതു വാതിലും ഏത് സമയത്തും മുട്ടിത്തുറക്കാൻ കഴിയുന്ന ഒരേയൊരാൾ എന്നാണ് പ്രശസ്ത മാധ്യമപ്രവർത്തകൻ രാജീപ് സർദേശി അഹമ്മദിനെ വിശേഷിപ്പിച്ചത്. ഹജ്ജ് വകുപ്പിന്‍റെ ചുമതല വഹിച്ചപ്പോൾ സൗദി അറേബ്യൻ സർക്കാറുമായി ചർച്ചകൾ നടത്തി ക്വാട്ട വർധിപ്പിക്കാൻ കഴിഞ്ഞു. ആ തവണ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ പേർക്ക് ഹജ്ജ് നിർവഹിക്കാൻ സാധിക്കുകയും ചെയ്തു. 


ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്ത് മോചിപ്പിക്കപ്പെട്ട കാലം. കുവൈത്ത് നാഷണൽ അസംബ്ലി സന്ദർശിച്ച ലോക രാജ്യങ്ങളിൽ നിന്നുള്ള രണ്ടാമത്തെ പ്രതിനിധിയായിരുന്നു ഇ. അഹമ്മദ്. വെറും ലോക്സഭാ എം.പിയായി കുവൈത്തിലെത്തിയ അഹമ്മദിന് അവിടത്തെ അമീർ ശൈഖ് ജാബിർ അൽ സബാഹ് വൻവരവേൽപ്പാണ് കൊട്ടാരത്തിൽ നൽകിയത്. 'രാജ്യം നഷ്ടപ്പെട്ട അലഞ്ഞ ഞങ്ങൾക്ക് ഐക്യദർഢ്യം പ്രകടിപ്പിച്ച മഹാനായ താങ്കളെ ഒരിക്കലും മറക്കില്ലെന്നാണ്' കുവൈത്ത് അമീർ അഹമ്മിനോട് പറഞ്ഞത്. 

ഗുജറാത്ത് കലാപ കാലത്ത് രാഷ്ട്രീയ നേതാക്കൾ സംസ്ഥാനത്ത് പ്രവേശിക്കുന്നത് മുഖ്യമന്ത്രി നരേന്ദ്ര മോദി വിലക്കി. എതിർപ്പ് മറികടന്ന് ഡൽഹിയിലെ വസതിയിൽ നിന്ന് യാത്ര പുറപ്പെട്ട അഹമ്മദ് ഗുജറാത്തിൽ വിമാനമിറങ്ങി. മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വിളിച്ചു വരുത്തി സംഭവത്തിലുള്ള പ്രതിഷേധം അറിയിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കലാപം നടന്ന കാൻപൂരിലും ബോംബയിലും കോയമ്പത്തൂർ കലാപമുണ്ടായപ്പോൾ അവിടെയും എതിർപ്പുകൾ മറികടന്ന് സന്ദർശനം നടത്തുകയും ഇരകൾക്ക് ആശ്വാസം പകരുകയും ചെയ്തു. ഭീകരുമായുള്ള ഏറ്റുമുട്ടലെന്ന് പൊലീസ് അവകാശപ്പെട്ട ഡൽഹി ബട് ല ഹൗസ് സന്ദർശിച്ച് ന്യൂനപക്ഷങ്ങളുടെ വികാരങ്ങൾ മനസിലാക്കി കേന്ദ്രസർക്കാറിനെ ആശങ്കകൾ അറിയിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E Ahamed
News Summary - e ahamed
Next Story