അവസാന കണ്ണിയും അറ്റുപോകുമ്പോള്‍...
text_fieldsകണ്ണൂര്‍: മുസ്ലിം ലീഗിന്‍െറ സ്ഥാപക നേതാക്കളായ കെ.എം. സീതിസാഹിബിന്‍െറയും ഇസ്മായില്‍ സാഹിബിന്‍െറയും സി.എച്ചിന്‍െറയും കൂടെ മുസ്ലിം ലീഗിനെ വളര്‍ത്തിയെടുത്തവരുടെ അവസാന കണ്ണിയാണ് അഹമ്മദ്. മുസ്ലിം ലീഗിന്‍െറ മലബാര്‍ കമ്മിറ്റി പിറന്നുവീണത് കണ്ണൂര്‍ അറക്കല്‍ രാജസ്വരൂപത്തിന്‍െറ തണലിലാണ്. അറക്കല്‍ സ്വരൂപത്തിന്‍െറ കീഴിലുള്ള ഓത്തുപുരയിലെ വിദ്യാര്‍ഥിയായിരുന്ന അഹമ്മദാണ് എം.എസ്.എഫിനെ നട്ടുമുളപ്പിച്ച് അതിന്‍െറ പ്രഥമ ജനറല്‍ സെക്രട്ടറിയായത്. 1974ല്‍ മുസ്ലിം ലീഗിലെ പിളര്‍പ്പ് വേളയില്‍ അഹമ്മദ് തുടക്കത്തില്‍ ആര്‍ക്കും പിടികൊടുത്തില്ല. അഖിലേന്ത്യ മുസ്ലിം ലീഗിന് പിറവി നല്‍കിയ കൊയിലാണ്ടി യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരില്‍ അഹമ്മദും ഉണ്ടായിരുന്നു. പക്ഷേ, അഹമ്മദ് ഒൗദ്യോഗിക പക്ഷത്ത് ഉറച്ചുനിന്നു. സ്വന്തം നിലപാടുകളെ പാര്‍ട്ടി നിലപാടുകളാക്കിമാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു. ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് നരസിംഹറാവു സര്‍ക്കാറിനെതിരെ പാര്‍ട്ടിയിലെ വികാരം ഇബ്രാഹീം സുലൈമാന്‍ സേട്ടിന്‍െറ നേതൃത്വത്തില്‍ തിളച്ചുമറിഞ്ഞപ്പോള്‍, ദേശീയതലത്തില്‍ അഹമ്മദ്, സേട്ടിന് പകരമുള്ള പാത പണിയുകയായിരുന്നു. ദേശീയ നേതൃപദവിയിലേക്ക് അഹമ്മദ് പടികയറിയതും അതോടെയാണ്.
2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് തലകുത്തിവീണപ്പോള്‍ മലപ്പുറത്തുനിന്ന് വിജയിച്ച യു.ഡി.എഫിന്‍െറ ഏക പ്രതിനിധിയായാണ് അഹമ്മദ് ലീഗിന്‍െറ ചരിത്രത്തിലെ ആദ്യ കേന്ദ്രമന്ത്രിയായത്. പിന്നീട് കുഞ്ഞാലിക്കുട്ടി-അഹമ്മദ് ധ്രുവീകരണം വളര്‍ന്ന 2006ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീറുമുള്‍പ്പെടെയുള്ളവര്‍ കടപുഴകിയത്. തുടര്‍ന്ന് കോട്ടക്കലില്‍ നടന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സിലില്‍ കുഞ്ഞാലിക്കുട്ടിയെ നിഷ്കാസിതനാക്കി അഹമ്മദ് കേരളഘടകം ജനറല്‍ സെക്രട്ടറിയായി.
പാണക്കാട് കുടുംബവുമായി ആഴത്തിലുള്ള ബന്ധമാണ് അഹമ്മദിനുള്ളത്. ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളില്‍ ലീഗിന്‍െറ നിലപാടും അഹമ്മദിന്‍െറ ഡല്‍ഹി ബന്ധങ്ങളും പരസ്പരം കൊമ്പുകോര്‍ത്തുനിന്നപ്പോഴെല്ലാം അഹമ്മദിന്‍െറ കൊടപ്പനക്കല്‍ ബന്ധത്തിന്‍െറ പാതയാണ് പ്രതിസന്ധികളെ തരണംചെയ്തത്. ഭീവണ്ടി, മുംബൈ, മീറത്ത്, ജയ്പുര്‍ കലാപപ്രദേശങ്ങളിലും ഗുജറാത്ത് കലാപത്തിനുശേഷവും സ്ഥലം സന്ദര്‍ശിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷപദവിയോട് നീതിപുലര്‍ത്തിയെന്ന് സ്ഥാപിക്കാന്‍ അഹമ്മദിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.