ഇ ബുൾജെറ്റ് സഹോദരൻമാർക്ക് ജാമ്യം; പൊതുമുതൽ നശിപ്പിച്ചതിന് പിഴ
text_fieldsകണ്ണൂർ: ഇ ബുൾജെറ്റ് േവ്ലാഗർ സഹോരൻമാർക്ക് കോടതി ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ഇരുവരും 3500 രൂപ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.എല്ലാ ബുധനാഴ്ചയും 11 മണിക്കും രണ്ടിനും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ അതിക്രമം കാണിച്ചെന്ന കേസിൽ ജാമ്യം തേടി യൂട്യൂബർമാരായ എബിനും ലിബിനും കോടതിയിൽ ഇന്ന് അപേക്ഷ നൽകിയിരുന്നു. ഇവരെ പൊലീസ് മർദിച്ചതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ചുമലിലും കൈകൾക്കും പരിക്കേറ്റതായും ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെന്നും അഭിഭാഷകൻ മജിസ്ട്രേറ്റിനെ ബോധിപ്പിച്ചിരുന്നു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആർ.ടി.ഒയും പൊലീസും പ്രവർത്തിച്ചതെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു.നിയമലംഘനങ്ങൾക്ക് പിഴയൊടുക്കാം എന്ന് ഇവർ അറിയിച്ചിരുന്നു.
പൊതുമുതൽ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ പൊലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് വിശദീകരിക്കാൻ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ചൊവ്വാഴ്ച ഉച്ചക്ക് വാർത്താസമ്മേളനം വിളിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടർന്ന് കണ്ണൂർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാൻ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികൾക്കായി യുട്യൂബർമാരോട് തിങ്കളാഴ്ച ആർ.ടി ഓഫിസിലെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.
ഓഫിസിലെത്തിയ ഇവർ ബഹളംവെച്ച് സംഘർഷഭരിതമായ രംഗങ്ങൾ സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവർ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങൾ പറഞ്ഞുമനസ്സിലാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, തങ്ങളെ മോട്ടോർ വാഹന വകുപ്പ് അധികൃതർ പീഡിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. യുട്യൂബർമാർ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടർന്ന് ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വിഡിയോയും ഇവർ പങ്കുവെച്ചു.
ബഹളത്തിനൊടുവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആർ.ടി ഓഫിസ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിെൻറ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകൾ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഓൺലൈനായി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂർ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.