ഇ-ബുള്‍ ജെറ്റ് കേസ്: ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയവരും കുടുങ്ങും, അന്വേഷണം തുടങ്ങി
text_fieldsകണ്ണൂര്‍: ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആര്‍.ടി.ഒ ഓഫിസില്‍ ബഹളം െവച്ച അതേ ദിവസം ഓഫിസിലെ ലാന്‍ഡ് ലൈനില്‍ വിളിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ കുടുങ്ങും. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍കാളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇ-ബുള്‍ ജെറ്റ് വ്ലോഗര്‍മാർ പ്രതികളായ കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് വെള്ളിയാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് തലശ്ശേരി എ.സി.ജെ.എം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. 1988ലെ മോട്ടോർ വാഹന നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീര്‍പ്പ് അനുസരിച്ചാകും.
വ്ലോഗര്‍ സഹോദരന്മാരായ എബിെൻറയും ലിബിെൻറയും ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ കൂട്ടിച്ചേര്‍ത്തേക്കും.
ആഗസ്റ്റ് ഒമ്പതിനായിരുന്നു എബിെനയും ലിബിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കലക്ടറേറ്റില്‍ ആര്‍.ടി ഓഫിസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹനം രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ നടപടികള്‍ക്കായി ഇവരോട് ഓഫിസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും എത്തിയതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടർന്ന് കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചു.
അനധികൃതമായി വാഹനം രൂപമാറ്റം വരുത്തിയതിന് പിഴ നല്‍കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇതുവരെയും പിഴയടക്കാത്തതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.