'കേരളം കത്തിക്കാന്‍' ആഹ്വാനം ചെയ്തവര്‍ നിരീക്ഷണത്തില്‍; നിയമവിരുദ്ധമായി സംഘടിച്ചതിന് 17 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
text_fieldsകണ്ണൂര്‍: യൂട്യൂബ് വ്േളാഗര്മാരായ ഇ-ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ അറസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പൊലീസ് നിരീക്ഷണത്തില്‍. മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചതിന് എബിന്‍, ലിബിന്‍ എന്നിവരെ തിങ്കളാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുെവച്ചിരുന്നു. ഇതോടെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബർമാരെ പിന്തുണക്കുന്നവർ രംഗത്തുവരികയായിരുന്നു.
'കേരളം കത്തിക്കണം', 'പൊലീസ് വെബ്സൈറ്റ് ഹാക്ക് ചെയ്യണം' തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ് രാവിലെ മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഓഫിസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഇവരെ പിന്തുണക്കുന്ന ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു.
പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ പൊലീസിനെതിരെയും മോട്ടോര്‍ വാഹന വകുപ്പിനെതിരെയും വ്ലോഗര്‍മാരുടെ ആരാധകര്‍ നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ഇട്ടവരെയും അത്തരത്തില്‍ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാന്‍ പേജുകളെയുമാണ് സൈബര്‍ സെല്‍ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകുമെന്നാണ് വിവരം.
അതേസമയം, വ്ലോഗർമാരുടെ 'നെപ്പോളിയൻ' എന്ന് പേരിട്ട വിവാദ വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കി. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തതിനുമാണ് നടപടി.
ഇ ബുൾജെറ്റിന്‍റെ മുഴുവൻ വിഡിയോകളും പരിശോധിക്കാൻ പ്രത്യേക സൈബർ ടീമിനെ നിയോഗിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. വിഡിയോ മരവിപ്പിക്കാൻ യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്‍റിടുന്ന കുട്ടികൾക്കെതിരെ ജുവനൈൽ ആക്ട് പ്രകാരം കേസെടുക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.