ഇ–ബുൾ ജെറ്റ്: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ ഒഴിവാക്കണം –കോടതി
text_fieldsകണ്ണൂർ: വിവാദ വ്ലോഗര്‍മാരായ ഇ-ബുൾ ജെറ്റ് സഹോദരങ്ങളുടെ വാഹനത്തിൽ അനധികൃതമായി രൂപംമാറ്റിയത് ഒഴിവാക്കാൻ തലശ്ശേരി മജിസ്ട്രേട്ട് കോടതിയുടെ ഇടക്കാല ഉത്തരവ്. മോട്ടോർ വാഹന വകുപ്പിന്റെ കസ്റ്റഡിയിലുള്ള വാഹനം ഉടമ സ്വന്തംചെലവിൽ കെട്ടിവലിച്ച് വർക്ക്ഷോപ്പിൽ കൊണ്ടുപോയി ചട്ടവിരുദ്ധമായി രൂപം മാറ്റിയതെല്ലാം അഴിച്ചുമാറ്റണമെന്നാണ് ഉത്തരവ്.
വാഹനത്തിലെ മുഴുവൻ അനധികൃത വസ്തുക്കളും നീക്കി വാഹനം നിയമാനുസൃതമായ രീതിയിൽ ആക്കിയശേഷം തിരിച്ച് കൊണ്ടുവരണം. കണ്ണൂർ ആർ.ടി.ഒയുടെ കസ്റ്റഡിയിലുള്ള വാഹനം കണ്ണൂർ പൊലീസ് ക്യാമ്പിലാണുള്ളത്. വാഹന ഉടമയുടെ ചെലവിൽ രൂപം മാറ്റിയശേഷം തിരിച്ചിവിടെതന്നെ എത്തിക്കണമെന്നും കോടതി നിർദേശിച്ചു.
വാഹനം ഈ കാര്യത്തിനല്ലാതെ ഉപയോഗിക്കുന്നതും റോഡിലൂടെ ഓടിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. ആറു മാസത്തേക്ക് താൽക്കാലികമായി റദ്ദാക്കപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കണമെങ്കിൽ ഈ നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലർ വാഹനത്തിൽ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താലാണ് വണ്ടിയുടെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്. വാഹനം മോടിപിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ലോഗര്‍ സഹോദരന്മാരായ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ആറ് മാസത്തേക്ക് രജിസ്ട്രേഷൻ റദ്ദാക്കിയത്. നേരത്തെ കണ്ണൂർ ആർ.ടി ഓഫിസിൽ എത്തി ബഹളംവെക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.