ഇ-ബസ് വിവാദം കത്തുന്നു; കണക്കെടുക്കാൻ ഗണേഷ്കുമാർ
text_fieldsതിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദം കത്തുന്നതിനിടെ ഇ-ബസ് സർവിസുകളുടെ ലാഭനഷ്ട കണക്കെടുക്കാൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. സർവിസുകൾ നഷ്ടത്തിലാണെന്ന തന്റെ നിലപാടിനെതിരെ വ്യാപക എതിർപ്പുയരുന്നതിനിടെയാണ് കണക്കെടുപ്പിന് സി.എം.ഡിയെ ചുമതലപ്പെടുത്തിയത്.
കിഫ്ബി ഫണ്ടുപയോഗിച്ച് വാങ്ങിയതും കേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിച്ചതടക്കം 110 ഓളം ഇ-ബസുകളാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ ഓടുന്നത്. കൂടുതൽ ബസുകൾ വാങ്ങാനും മറ്റ് നഗരങ്ങളിലേക്ക് ഇ-ബസ് സർവിസുകൾ വ്യാപകമാക്കാനും കെ.എസ്.ആർ.ടി.സി സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗണേഷിന്റെ ഇടങ്കോൽ.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. 10 നഗരങ്ങളിലേക്കാണ് ഈ ബസുകൾ ലഭിക്കുന്നത്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരത്തെ ഹരിത നഗരമാക്കുന്നതിനുള്ള മുൻമന്ത്രിയുടെ പ്രഖ്യാപനവും അനിശ്ചിതത്വത്തിലായി.
കെ.എസ്.ആർ.ടി.സി മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഒരു കിലോമീറ്റര്‍ ഓടുന്നത് വൈദ്യുതി ഉള്‍പ്പെടെ 26 രൂപയാണ് ഇ-ബസിന്റെ ചെലവ്. വരവ് 46 രൂപയും. മന്ത്രി മാറിയപ്പോൾ ഇതെങ്ങനെ നഷ്ടത്തിലായി എന്നതും ഉത്തരമില്ലാത്ത ചോദ്യം. 814 കോടി രൂപയാണ് ഇ-ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണമെന്നതാണ് കിഫ്ബിയുടെ നിബന്ധന. 50 ഇ-ബസുകളാണ് ആദ്യം വാങ്ങിയത്. ശേഷിക്കുന്ന ബസുകളുടെ വാങ്ങൽ സംബന്ധിച്ച് പലവട്ടം ചർച്ചയും നടന്നിരുന്നു.
ഗണേഷ്കുമാറിന്റെ 4 വാദങ്ങൾ
- ഡീസൽ ബസിന് 24 ലക്ഷം കൊടുത്താൽ മതി. ഇ-ബസിന് ഒരു കോടി രൂപവേണം. ഈ ഒരു വണ്ടിയുടെ വിലയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങിക്കാം. ഒരു കോടി രൂപയുടെ ബസിന് ദിവസം ആറായിരം രൂപ വരുമാനം കിട്ടിയാൽ മതിയാകില്ല.
- കെ.എസ്.ആർ.ടി.സി അധികവും ഓടുന്നത് റെയിൽവേ ഇല്ലാത്ത മേഖലയിലാണ്. മലയോര മേഖലകൾ ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ ഇലക്ട്രിക് ബസുകൾ പ്രായോഗികമല്ല. ഡീസൽ ബസുകൾ എവിടെയും ഓടിക്കാം
- പത്ത് രൂപ വാങ്ങി ഇ-ബസുകൾ ഓടുമ്പോൾ കെ.എസ്.ആർ.ടി.സി പിറകേയുണ്ടാകും. അതിന് പിറകേ പ്രൈവറ്റ് ബസും ഓട്ടോറിക്ഷയും കാണും. ഇ-ബസുകൾ എല്ലാവരുടെയും വയറ്റത്തടിച്ചു.
- ബസുകൾ എത്ര നാൾ പോകുമെന്ന കാര്യം തനിക്കറിയില്ല. തലസ്ഥാന നഗരത്തിനുള്ളിൽ സിറ്റി സർക്കുലർ എന്ന പേരിൽ വെറുതെ വണ്ടികൾ ഓടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.