ഇ. ചന്ദ്രശേഖരെൻറ സ്ഥാനാർഥിത്വം: സി.പി.െഎയിൽ രാജിയും പ്രതിഷേധവും
text_fieldsകാസർകോട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൂന്നാമതും സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് സി.പി.ഐയിൽ രാജിയും പ്രതിഷേധവും കെട്ടടങ്ങുന്നില്ല.
സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എൽ.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സ്ഥാനം രാജിെവച്ചതായി അദ്ദേഹം കഴിഞ്ഞദിവസം ചാനലിൽ വെളിപ്പെടുത്തിയിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ സ്ഥാനാർഥിയായി ബങ്കളം കുഞ്ഞികൃഷ്ണനെ പാർട്ടി നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അവസാനഘട്ടം മൂന്നാമതും ഇ. ചന്ദ്രശേഖരൻ തന്നെ സ്ഥാനാർഥിയായെത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. മണ്ഡലം പരിധിയിലെ സി.പി.ഐയുടെ കാഞ്ഞങ്ങാട്, പരപ്പ മണ്ഡലം കമ്മിറ്റികളിൽ ഭൂരിപക്ഷം അംഗങ്ങളും ബങ്കളം കുഞ്ഞികൃഷ്ണെൻറ പേരാണ് സ്ഥാനാർഥിത്വത്തിനായി ശിപാർശ ചെയ്തിരുന്നത്.
പരപ്പയിൽ ആകെയുള്ള 15ൽ 12 പേരും കാഞ്ഞങ്ങാട് എട്ടുപേരും ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങളെല്ലാം തള്ളിയാണ് സംസ്ഥാന നേതൃത്വം ചന്ദ്രശേഖരന് മൂന്നാമൂഴം നൽകാൻ തീരുമാനിച്ചത്.
ഇദ്ദേഹത്തിന് നിയമസഭയിലേക്ക് സീറ്റ് നൽകണമെന്ന് പാർട്ടി പ്രവർത്തകരും ആഗ്രഹിച്ചിരുന്നു. ബങ്കളം കുഞ്ഞികൃഷ്ണെൻറ നിലപാടിന് പിന്തുണയറിയിച്ച് മടിക്കൈ പഞ്ചായത്തിലെ പത്തോളം ബ്രാഞ്ച് സെക്രട്ടറിമാരും നേതൃത്വത്തിന് രാജിക്കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം.
മടിക്കൈ പഞ്ചായത്തിലെ മടിക്കൈ, അമ്പലത്തുകര എന്നീ ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജിക്കത്ത് നൽകിയതെന്നാണ് വിവരം.
എന്നാൽ, പരിഹരിക്കേണ്ടതായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബങ്കളം കുഞ്ഞികൃഷ്ണൻ ജില്ലയിലും മണ്ഡലത്തിലും നേതൃപരമായ പങ്കുവഹിച്ച് പ്രവർത്തനങ്ങളിലും യോഗങ്ങളിലും സജീവമാണെന്നും സി.പി.ഐ ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.