ഇ-ഡിസ്ട്രിക്ട് പോർട്ടൽ: ഒ.ടി.പി ഇനിമുതൽ ആധാർ ലിങ്ക്ഡ് മൊബൈലിൽ മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാന ഐ.ടി മിഷന്റെ പദ്ധതിയായ ഇ-ഡിസ്ട്രിക്ട് പോർട്ടലിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് യൂസർ അക്കൗണ്ട് സൃഷ്ടിക്കുന്നതിന് ആധാർ അധിഷ്ടിത ഒ.ടി.പി സംവിധാനം പ്രാബല്യത്തിലായി. നിലവിൽ യൂസർ അക്കൗണ്ട് തുറക്കുന്ന സമയം നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി ലഭിക്കുന്നത്. എന്നാൽ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്താവിന്റെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് മാത്രം ഒ.ടി.പി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്.
യൂസർ അക്കൗണ്ട് ക്രിയേഷൻ, പുതിയ ആപ്ലിക്കന്റ് രജിസ്ട്രേഷൻ, നിലവിലെ രജിസ്ട്രേഷൻ തിരുത്തൽ, യൂസർ നെയിം റിക്കവറി, പാസ്വേഡ് റീസെറ്റ്, ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ പരിശോധന എന്നീ ഘട്ടങ്ങളിൽ ഒ.ടി.പി അനിവാര്യമാണ്. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾ ആധാറുമായി ബന്ധിപ്പിക്കണം. നിലവിൽ ‘ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ അക്കൗണ്ടുള്ളവർക്ക് ലോഗിൻ ചെയ്തതിന് ശേഷം പ്രൊഫൈൽ പേജിൽ ആധാർ നമ്പറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം.
സർക്കാർ സേവനങ്ങൾ, സർക്കാർ ഓഫിസുകൾ സന്ദർശിക്കാതെ ജനങ്ങൾക്ക് ഇന്റർനെറ്റ് മുഖേന നേരിട്ട് ലഭ്യമാക്കാനായി 2010ൽ ആരംഭിച്ച പദ്ധതിയാണ് ‘ഇ-ഡിസ്ട്രിക്ട്’. റവന്യൂ വകുപ്പിന്റെ 23 ഇനം സർട്ടിഫിക്കറ്റ് സേവനങ്ങളും വന്യജീവി ആക്രമണത്താൽ ഉണ്ടാകുന്ന നഷ്ടപരിഹാരങ്ങൾക്കുള്ള ആറിനം അപേക്ഷകൾ വനംവകുപ്പിന് സമർപ്പിക്കാനുള്ള സേവനങ്ങളും നേച്ചർ ക്യാമ്പ് റിസർവേഷൻ സേവനവും പബ്ലിക് യൂട്ടിലിറ്റി ബില്ലുകളുടെ പെയ്മെന്റ് മുതലായ സേവനങ്ങളും ‘ഇ-ഡിസ്ട്രിക്ട്’ മുഖേന നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.