ഇ-ഗവേണൻസ് സേവനം: അവകാശം അക്ഷയ കേന്ദ്രങ്ങൾക്കു മാത്രം
text_fieldsതൃശൂർ: സംസ്ഥാനത്ത് ഇ-ഗവേണൻസ് സേവനങ്ങൾ ചെയ്യാനുള്ള അവകാശം അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണെന്ന് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ഐ.ടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കോമൺ സർവിസ് സെൻറർ (സി.എസ്.സി) സംഘടന നൽകിയ അപേക്ഷ നിരസിച്ചാണ് വ്യക്തത വരുത്തി ഐ.ടി വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള ഏക ഏജൻസി അക്ഷയ കേന്ദ്രങ്ങളാണെന്ന് അധികാരപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാറിന് നേരത്തേ നൽകിയിരുന്ന അപേക്ഷയോടൊപ്പം ഹൈകോടതിയെയും അസോസിയേഷൻ സമീപിച്ചിരുന്നു. ഇത് പരിശോധിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവായി പുറപ്പെടുവിച്ചത്.
ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെ അധ്യക്ഷരായുള്ള ജില്ല കലക്ടർമാരുടെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആധാർ മുതലായവ സ്കാൻ ചെയ്ത് നൽകേണ്ട അപേക്ഷകൾ ഓൺലൈൻ ആയി നൽകാൻ സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകൾ അന്യവ്യക്തികൾ അനധികൃതമായി ഉപയോഗപ്പെടുത്താൻ സാധ്യത കൂടുതലാണ്. വില്ലേജ്, താലൂക്ക് ഓഫിസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ (ഇ-ഡിസ്ട്രിക്ട്), ആധാർ, ആരോഗ്യ ഇൻഷുറൻസ്, ഇ-ഗ്രാന്റ് എന്നിവ അടക്കം പല ഓൺലൈൻ സർക്കാർ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് നൽകാനുള്ള ആധികാരിക പോർട്ടൽ ലോഗിൻ സംവിധാനം അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണുള്ളത്. സർക്കാർ നിശ്ചയിച്ച സർവിസ് ചാർജ് ആണ് ഇവിടെ ഈടാക്കുക.
ഇടപാടുകൾക്ക് അക്ഷയകേന്ദ്രത്ത രസീതും നൽകുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിനായി ജില്ലതലത്തിലും സംസ്ഥാനതലത്തിലും പ്രോജക്ട് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനും പരാതിക്കും പരിഹാരത്തിനുമായി ഈ ഓഫിസുകളിൽ ബന്ധപ്പെടാം. സി.എസ്.സിയുടെ കാര്യത്തിൽ, ഒരു ഓൺലൈൻ അപേക്ഷയുടെയും തുടർന്നുള്ള ഓൺലൈൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.