ഇ-ഓഫിസ് പോരാ, പുതിയ സോഫ്റ്റ്വെയർ വേണം; സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് വഴിയൊരുക്കാൻ പുതിയ നീക്കം
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിലടക്കം സർക്കാർ ഓഫിസുകളിൽനിന്ന് ഫയൽ കൈമാറ്റത്തിനുള്ള ഇ-ഓഫിസ് സോഫ്റ്റ്വെയറിനെ പുറത്താക്കി പകരം സ്വകാര്യ സോഫ്റ്റ്വെയറുകൾക്ക് വഴിയൊരുക്കാൻ പുതിയ നീക്കം. സെക്രേട്ടറിയറ്റിലെ ഉദ്യോഗസ്ഥ ഘടനയും ഫയൽ പരിശോധന രീതിയും പുനഃക്രമീകരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ സെന്തിൽ കമ്മീഷനാണ് ഇ-ഓഫിസിന്റെ പോരായ്കളും പുതിയ സോഫ്റ്റ്വെയറിന്റെ ആവശ്യകതയും അക്കമിട്ടുനിരത്തുന്നത്.
ഇ-ഓഫിസിനെ ദുർബലപ്പെടുത്തി കുത്തക സോഫ്റ്റ്വെയറുകൾ ഏർപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ ഉദ്യോഗസ്ഥതലത്തിലും സർക്കാർ തലത്തിലും നടക്കുന്നതിനിടെയാണ് ഇത്തരം നീക്കങ്ങൾക്ക് പിടിവള്ളിയാകും വിധത്തിൽ സെന്തിൽ കമീഷൻ ശിപാർശ. നിലവിലെ ഇ-ഓഫിസ് സംവിധാനം ഭരണപരിഷ്കാര കമീഷന് ശിപാര്‍ശ ചെയ്ത പ്രകാരമുള്ള ഏക ഫയല്‍ സംവിധാനത്തിന് അപര്യാപ്തമാണെന്ന് ഐ.ടി വകുപ്പില്‍ നിന്ന് മനസ്സിലാക്കിയെന്നാണ് കമീഷന്റെ വിലയിരുത്തൽ. ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നല്‍കാനും നടപടികള്‍ സ്വീകരിക്കാനും ഉതകുന്ന നിലയിൽ പുതിയ ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്ന കാര്യം പരിശോധിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്യുന്നു.
എൻ.ഐ.സി, സി-ഡിറ്റ്, ഐ.ടി മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ പോലുള്ള സ്ഥാപനങ്ങൾ ഒരു സംവിധാനം വികസിപ്പിച്ചെടുക്കാൻ കാലതാമസം വരുന്നുത്തുണ്ടെന്നാണ് കമീഷന്റെ കുറ്റപ്പെടുത്തൽ.
ഇതിന് പരിഹാരമായി ‘വിവര സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഭരണനവീകരണ മാര്‍ഗങ്ങൾ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെയുള്ള എംപാനല്‍ഡ് അക്രഡിറ്റഡ് ഏജന്‍സികളുടെ പട്ടിക പരിശോധിച്ച് തീരുമാനം എടുക്കണമെന്നാണ് കമീഷന്റെ പരിഹാരനിർദേശം.
ഇ-ഓഫിസിനെതിരായ കണ്ടെത്തൽ
എൻ.ഐ.സിയുടെ ഇ-ഓഫിസ് ഒരു ഫയൽ ഫ്ലോ പ്രക്രിയ മാത്രമാണ്. പ്രത്യേകമായി ഓരോ വിഷയത്തിലും തയാറാക്കുന്ന പോർട്ടലുകൾ ഇ-ഓഫിസുമായി ബന്ധിപ്പിക്കേണ്ടി വരുന്നു. എന്നാൽ പലപ്പോഴും ഇത്തരം ബന്ധിപ്പിക്കലുകൾ ഫലപ്രദമാകാറില്ല. ഇത് ഇ-ഓഫിസിന്റെ സാങ്കേതിക പ്രശ്നമാണോ അതോ ‘ബന്ധിപ്പിക്കലുകൾക്ക് വിധേയമാക്കാന്‍ പാടില്ല’ എന്ന വ്യവസ്ഥയുടെ പേരിലാണോ എന്ന കാര്യം ഐ.ടി സെക്രട്ടറി പരിശോധിക്കണം. ഇന്റഗ്രേഷനുകള്‍ അനുവദിക്കുന്നില്ല എന്നാണെങ്കില്‍ ഭരണ പരിഷ്കാര കമീഷന് ശിപാര്‍ശ ചെയ്തിട്ടുള്ള ഏകഫയല് സംവിധാനം, പെറ്റീഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏക പോര്‍ട്ടല്‍ തുടങ്ങി എല്ലാ ഇ-ഗവേണൻസ് സംവിധാനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ചെയ്യാൻ കഴിയുംവിധം പുതിയ ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.