ഇ-ഓഫിസിനെ പുറത്താക്കാൻ വീണ്ടും പടയൊരുക്കം
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലടക്കം സർക്കാർ ഓഫിസുകളിൽ നിന്ന് ഇ-ഓഫിസ് സോഫ്റ്റ്വെയർ പുറത്താക്കാൻ പുതിയ പടയൊരുക്കം. ധനവകുപ്പിലെ ജോലി ഭാരം കുറയ്ക്കുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇ-ഓഫിസിനെതിരെ പോരായ്മകൾ അക്കമിട്ട് കുറ്റപത്രം സമർക്കുകയും പുതിയ സോഫ്റ്റ്വെയർ വേണമെന്ന ആവശ്യം തുറന്ന് ഉന്നയിക്കുകയും ചെയ്തത്.
നേരത്തെ പൊതുഭരണ വകുപ്പിനെ കുറിച്ച പഠന റിപ്പോർട്ടിലും ഇ-ഓഫിസിനെ കുറിച്ച് സമാന വിലയിരുത്തൽ നടത്തിയിരുന്നു. സർക്കാർ സംവിധാനങ്ങളിൽനിന്ന് ഇ-ഓഫിസ് ഒഴിവാക്കി സ്വകാര്യ കുത്തക സോഫ്റ്റ്വെയർ ഏർപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ പല കോണുകളിലും തകൃതിയായി നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം.
‘വേഗവും കാര്യക്ഷമതയുമുള്ള ഇലക്ട്രോണിക് ഫയൽ പ്രൊസസിങ് സംവിധാനത്തിലേക്ക് സെക്രട്ടേറിയറ്റ് മാറണ’മെന്നാണ് റിപ്പോർട്ടിലെ പ്രധാന ശിപാർശ. ഇതേ സോഫ്റ്റ്വെയറുകൾ താഴേത്തട്ടിലും ഫീൽഡ് വകുപ്പുകളിലും നടപ്പാക്കിയാൽ കത്തിടപാടുകൾക്ക് വേഗം വർധിക്കുമെന്ന കണ്ടെത്തലുമുണ്ട്. നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് ഇ-ഓഫിസ് രൂപകൽപന ചെയ്തതും സമയാസമയങ്ങളിൽ അപ്ഡേഷൻ വരുത്തുന്നതും. കാര്യക്ഷമതയുള്ള മറ്റൊരു ഇ-ഫയൽ പ്രൊസസിങ് സംവിധാനം വേണമെന്നൊക്കെയാണ് ആവശ്യമെങ്കിലും ഫലത്തിൽ ഇ-ഓഫിസ് ഒഴിവാക്കിയാൽ പകരമെത്തുക സ്വകാര്യ സോഫ്റ്റ്വെയറുകളാണ്. ഒരുവേള ഇതിനുള്ള നിർദേശങ്ങൾ സർക്കാറിന് മുമ്പിലുണ്ടായിരുന്നു.
ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് സ്വകാര്യ സോഫ്റ്റ്വെയറിന് ശ്രമമുണ്ടായെങ്കിലും സി.പി.എമ്മിൽ കടുത്ത വിയോജിപ്പുയർന്നതിനെ തുടന്നാണ് പിൻവാങ്ങിയത്. സ്വകാര്യ സോഫ്റ്റ് വെയറുകൾക്ക് പകരം സ്വതന്ത്ര സോഫ്റ്റ്വെയർ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാറിന്റെ ഐ.ടി നയം.
റിപ്പോർട്ടിലെ പരാമർശങ്ങൾ
- ഇ-ഓഫിസിൽ വളരെയേറെ പോരായ്മയുണ്ട്, ഇത് ജീവനക്കാരുടെ കാര്യക്ഷമതയെ ബാധിക്കുന്നു.
- ഫയൽ നീക്കം ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇ-ഓഫിസ് നടപ്പാക്കിയതെങ്കിലും ഉദ്ദേശിച്ച ലക്ഷ്യം നേടിയിട്ടില്ല എന്ന ആക്ഷേപത്തിൽ കഴമ്പുണ്ട്.
- ഇ-ഓഫിസ് സോഫ്റ്റ് വെയറിന്റെ വേഗം വളരെ കുറവാണ്, പലപ്പോഴും പ്രവർത്തനരഹിതമാകുന്നത് ഫയൽ നീക്കത്തെ ബാധിക്കുന്നു.
- ഇ-ഓഫിസ് ഫയൽ ഫ്ലോ സംവിധാനം മാത്രമായതിനാൽ മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ ഇ-ഓഫിസിലേക്ക് കൊണ്ടുവന്ന ശേഷമേ ഫയലാക്കാൻ കഴിയുന്നുള്ളൂ. എല്ലാ സംവിധാനവും ഒരു പ്ലാറ്റ്ഫോമിൽ കൈകാര്യം ചെയ്ത് അതിൽനിന്ന് ഫയൽ വികസിപ്പിക്കാൻ കഴിയുന്ന സമഗ്ര സംവിധാനമാണ് കേരളത്തിൽ നടപ്പാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.