ആത്മകഥയെഴുതാനൊരുങ്ങി ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് പാർട്ടി കഴിഞ്ഞ ദിവസം നീക്കിയ സി.പി.എം നേതാവ് ഇ.പി. ജയരാജൻ രാഷ്ട്രീയ ജീവിതവും പ്രതിസന്ധികളും വിവാദങ്ങളും തുറന്നെഴുതാനൊരുങ്ങുന്നു. ആത്മകഥ ഉടൻ പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാ കാര്യങ്ങളെ കുറിച്ചുമുള്ള വസ്തുതകൾ പ്രതിപാദിച്ചുള്ളതാവും എഴുത്ത്. ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കുറിച്ചുള്ള വിശദമായ തുറന്നെഴുത്ത് അവസാന ഘട്ടത്തിലാണ്. 60 വർഷക്കാലത്തെ എല്ലാ കാര്യങ്ങളും വിശദമായെഴുതും. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയും ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.
പലപ്പോഴും സംശയത്തിന്റെ നിഴലിലാക്കി എല്ലാം കൂട്ടിച്ചേർത്ത് ചരിത്രമുണ്ടാക്കി വാർത്തയുണ്ടാക്കുകയാണ്. ഇതൊക്കെ ബോധപൂർവമായ നടപടിക്രമമാണ്. ഒരു കാര്യവുമില്ലാത്ത ആരുമില്ലെന്നും ജയരാജൻ പറഞ്ഞു. ഇടതുമുന്നണി കൺവീനർ സ്ഥാനം തെറിച്ചതു സംബന്ധിച്ച പ്രതികരണങ്ങള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്നു പറഞ്ഞ ജയരാജൻ ഞായറാഴ്ചയും പരസ്യപ്രതികരണത്തിന് തയാറായില്ല.
വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ജയരാജനെ പുറത്താക്കാൻ തീരുമാനിച്ചത്. യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിനു പിന്നാലെയാണ് നടപടി. സി.പി.എമ്മിലെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന കണ്ണൂർ ലോബിയിലെ ശക്തനായ നേതാവിന്റെ ആത്മകഥ വരാനിരിക്കുന്ന വലിയ രാഷ്ട്രീയ ബോംബായിരിക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.