സ്വകാര്യ ബസുകളിലും ഇ-പേമെന്‍റ് സംവിധാനത്തിന് തുടക്കം; ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ 84 ബസുകൾ
text_fieldsപാലക്കാട്: പോക്കറ്റിൽ കാശില്ലെന്നോ ചില്ലറയില്ലെന്നോ കരുതി ഇനി ബസിൽ കയറാതിരിക്കേണ്ട. ജില്ലയിൽ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ‘ഈസി പേ, ഈസി ജേണി’ പദ്ധതി സ്വകാര്യ ബസുകളിൽ നടപ്പാക്കുന്നത്.
ആദ്യഘട്ടത്തിൽ ജില്ലയിലെ 84 ബസുകളിലാണ് സംവിധാനം ഒരുക്കുന്നത്. പിന്നീട് സംസ്ഥാനത്തെ 1000 ബസുകളിൽ വ്യാപിപ്പിക്കും. ഗൂഗ്ൾ പേ വഴിയും എ.ടി.എം കാർഡ് വഴിയും ബസ് ചാർജ് നൽകാനാവും. നിലവിലുള്ള സമ്പ്രദായപ്രകാരമുള്ള കറൻസിയും ആവശ്യക്കാർക്ക് നൽകാം. കൊച്ചിയിലെ ഐ.ടി സ്റ്റാർട്ട്അപ്പായ ഗ്രാൻഡ് ലേഡിയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്. ജി.എൽ പോൾ എന്ന മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാർക്ക് ടിക്കറ്റ് നൽകുക.
പദ്ധതിയുടെ ഉദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് എ.എസ്. ബേബി അധ്യക്ഷത വഹിച്ചു. പാലക്കാട് ആർ.ടി.ഒ ടി.എം. ജേർസൺ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എം.കെ. ജയേഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ നേവി റിട്ട. കമാൻഡർ ഡോ. എൻ. ജയകൃഷ്ണൻ നായർ സ്മാർട്ട് ടിക്കറ്റിനെക്കുറിച്ച് വിശദീകരിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. മൂസ, സിറ്റി യൂനിയൻ ബാങ്ക് കേരള ഹെഡ് ബാബു ഗിരീഷ് കുമാർ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. വിദ്യാധരൻ, സംസ്ഥാന ട്രഷറർ വി.എസ്. പ്രദീപ്, ജില്ല ട്രഷറർ ആർ. മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.