രണ്ടു മാസത്തേക്ക് ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കാതെ റേഷൻ വാങ്ങാം
text_fieldsതിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ റേഷൻ കടകളിൽ രണ്ടുമാസത്തേക്ക് ഇ-പോസ് മെഷീനിൽ കാർഡുടമകളുടെ വിരൽ പതിപ്പിക്കാതെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം. പകരം ഒ.ടി.പി ഉപയോഗിക്കണം.
ഇതിന് ഇ-പോസ് മെഷീനുമായി ലിങ്ക് ചെയ്ത മൊബൈലുമായി കാർഡുടമകൾ കടയിൽ എത്തണം. ഒ.ടി.പി പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം മാന്വൽ ഇടപാട് നടത്താം. അതേസമയം, സ്വന്തം റേഷൻ കടയിൽ നിന്നല്ലാതെ മറ്റ് കടകളിൽനിന്ന് വാങ്ങുന്നവർക്ക് ഈ സൗകര്യമുണ്ടാകില്ല. പോർട്ടബിലിറ്റി സൗകര്യം ഉപയോഗപ്പെടുത്തുന്നവർ വിരലടയാളം പതിപ്പിക്കണം. വിരൽ പതിപ്പിക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസ് ചെയ്യണം. ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളുമായി സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.
എന്നാൽ, കേന്ദ്ര നിർദേശത്തിനെതിരെ പ്രതിഷേധവുമായി റേഷൻ വ്യാപാരികൾ രംഗത്തെത്തി. മാന്വൽ ഇടപാടിലൂടെയല്ലാതെ സാധനങ്ങൾ നൽകാൻ കഴിയില്ലെന്നും ഇ-പോസ്, ഒ.ടി.പി മുഖേന വിതരണം രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിലിൽ വിരലടയാളം പതിപ്പിക്കാതെ റേഷൻ നൽകിയിരുന്നെങ്കിലും, വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രസർക്കാർ രംഗത്തെത്തിയതോടെയാണ് മേയ് മുതൽ വീണ്ടും ബയോമെട്രിക് സംവിധാനം ഉപയോഗിക്കാൻ കേരളം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.