ശ്രീധരനെ മുന്നിൽ നിർത്തി സിൽവർ ലൈൻ നയതന്ത്രം; സർക്കാർ നീക്കം പാളം തെറ്റുന്നു
text_fieldsതിരുവനന്തപുരം: ഇ. ശ്രീധരനെ മുൻനിർത്തി സിൽവർലൈൻ പദ്ധതി വീണ്ടും സജീവമാക്കാനുള്ള സർക്കാർ ശ്രമം തുടക്കത്തിലേ പാളം തെറ്റുന്നു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഡൽഹിയിലെ സർക്കാർ പ്രതിനിധി കെ.വി. തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സിൽവർ ലൈൻ പ്രായോഗികമല്ലെന്ന പഴയ നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. കെ.വി. തോമസിന് രേഖാമൂലം നൽകിയ പദ്ധതി ശിപാർശയിലും ഇക്കാര്യമാണ് മെട്രോമാൻ ആവർത്തിച്ചത്. നിലവിലെ ഡി.പി.ആറും പദ്ധതിരേഖയും അനുസരിച്ചുള്ള പദ്ധതിയുടെ അനുമതിക്ക് ശ്രീധരനെ മുൻനിർത്തി കേന്ദ്രത്തിൽ അനുകൂല സാഹചര്യം സൃഷ്ടിക്കലായിരുന്നു സർക്കാർ ലക്ഷ്യം. എന്നാൽ, പദ്ധതിരേഖ അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീധരൻ അതിവേഗ പാതക്കായാലും അർധ അതിവേഗ പാതക്കായാലും പുതിയ ഡി.പി.ആർ തയായാറാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുറിപ്പ് കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറിയെങ്കിലും ഈ പദ്ധതി ശിപാർശ നിലവിലെ സാഹചര്യത്തിൽ സർക്കാറിന് അംഗീകരിക്കാൻ കഴിയില്ല. ഡി.പി.ആറിനടക്കം ലക്ഷങ്ങൾ ചെലവഴിച്ച സാഹചര്യത്തിൽ വിശേഷിച്ചും. രാഷ്ട്രീയ ശത്രുത മറികടന്ന് സ്വപ്നപദ്ധതി പൊടിതട്ടിയെടുക്കാനുള്ള സർക്കാർ ശ്രമങ്ങളാണ് ഇതോടെ വിഫലമായത്.
സിൽവർ ലൈൻ വിഷയത്തിൽ തന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്കല്ല, കെ.വി. തോമസ് ആവശ്യപ്പെട്ടപ്രകാരമാണ് താൻ പദ്ധതി ശിപാർശ സംബന്ധിച്ച കുറിപ്പ് നൽകിയത്. കേരളത്തിന് ഒരു അർധ അതിവേഗ പാതയോ, അതിവേഗ പാതയോ വേണം. അതു പരിസ്ഥിതി സൗഹൃദമാകണം. നിലവിലെ സിൽവർ ലൈൻ പദ്ധതി പ്രായോഗികമല്ല. അതു പാരിസ്ഥിതിക ദുരന്തമായിരിക്കും. ആരും വായ്പ നൽകില്ല. ജപ്പാനും ജർമനിയുമെല്ലാം പാരിസ്ഥിതിക വിഷയങ്ങളിൽ കരുതലുള്ളവരാണ്. ഇതൊക്കെ പരിഗണിച്ചുള്ള പദ്ധതിയാണ് വേണ്ടത്. ഇതിന് എത്ര ചെലവ് വരുമെന്നോ, എത്ര വേഗമുണ്ടാകുമെന്നോ താൻ കുറിപ്പിൽ പറഞ്ഞിട്ടില്ല’’ - അദ്ദേഹം കൂട്ടിച്ചേർത്തു.
വായ്പ സാധ്യതയുള്ള പദ്ധതിയാണ് ശ്രീധരന്റെ കുറിപ്പിലുള്ളത്. തുടങ്ങുമ്പോൾ സെമിസ്പീഡാകണമെന്നും പിന്നീട് ഹൈസ്പീഡിലേക്ക് ഉയർത്താൻ കഴിയണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ഭൂമിക്ക് മുകളിൽ തൂണുകളിലൂടെയും ഭൂമിക്കടിയിലൂടെയുമാകണം പാളം. വൻ മതിലുകൾ ഒഴിവാക്കുന്നതോടെ ഭൂമിയേറ്റെടുക്കൽ കുറയും.
ഭൂമി അഞ്ചിലൊന്ന് മതി. തിരൂർ മുതൽ കാസർകോട് വരെ നിലവിലെ പാതക്ക് സമാന്തരമായാണ് സിൽവർ ലൈൻ. ഇതാകട്ടെ ഭാവിയിൽ പാത നാലുവരിയാക്കാനുള്ള നടപടികൾക്ക് തടസ്സമാകും എന്നതിനാൽ റെയിൽവേയുടെ എതിർപ്പിന് കാരണമാകുമെന്നാണ് ശ്രീധരന്റെ നിലപാട്.
റിപ്പോർട്ട് ഏൽപിച്ചെന്ന് കെ.വി. തോമസ്
ന്യൂഡൽഹി: അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ തയാറാക്കി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയെന്ന് കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞു. സിൽവർ ലൈനിന് പകരം പൂര്‍ണമായും തുരങ്ക, ആകാശപ്പാതകളുള്ള അതിവേഗ റെയിൽപാതയാണ് റിപ്പോർട്ടിലുള്ളത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 350 കിലോമീറ്റര്‍ വേഗത്തില്‍ യാത്രചെയ്യാവുന്ന റെയില്‍ പാത. വലിയ മതില് പണിയേണ്ടതില്ല. സില്‍വര്‍ലൈനിന് വേണ്ടതിന്റെ 20 ശതമാനം ഭൂമി ഏറ്റെടുത്താല്‍ മതി.
ബാക്കി ഭൂമി ഉടമയില്‍നിന്ന് വാടകക്കെടുക്കാം തുടങ്ങിയവയാണ് റിപ്പോർട്ടിലുള്ളത്. പദ്ധതി സംബന്ധിച്ച് ഇ. ശ്രീധരനുമായി കെ.വി. തോമസ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.