ഇ. ശ്രീധരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കും; മുഖ്യമന്ത്രി പദം വഹിക്കാൻ യോഗ്യൻ -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇ. ശ്രീധരൻ മത്സരിക്കുമെന്നും മുഖ്യമന്ത്രി പദം ഉൾപ്പെടെ ഏത് പദവിയും വഹിക്കാൻ അദ്ദേഹം യോഗ്യനാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തവണ ശക്തമായ ത്രികോണ മത്സരം ബി.ജെ.പി കാഴ്ചവെക്കും. കൂടുതൽ ജനപ്രിയരായ വ്യക്തികൾ പാർട്ടിയോടൊപ്പം വരുംനാളുകളിൽ അണിനിരക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സുരേന്ദ്രൻ നയിക്കുന്ന ബി.ജെ.പി വിജയ യാത്രക്ക് ഇന്ന് കാസർകോട്ട് തുടക്കമാകുകയാണ്.
ഒരു പുതിയ കേരളം എന്ന ലക്ഷ്യം മുന്നിൽവെച്ചാണ് വിജയ യാത്ര നടത്തുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളം പോലെ അഴിമതി നിറഞ്ഞ, വികസന പ്രതിസന്ധി നേരിടുന്ന മറ്റൊരു സംസ്ഥാനമില്ല.
തൊഴിലില്ലായ്മ വർധിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളെല്ലാം തകർന്നു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇടത്-വലത് മുന്നണികൾ പ്രയോഗിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് വിജയ കേരള യാത്ര സംഘടിപ്പിക്കുന്നത്.
33 ശതമാനം വോട്ടിലേക്ക് എത്തുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. നിരവധി പേർ ഇത്തവണ ബി.ജെ.പിയുമായി സഹകരിക്കാൻ തയാറായി വരും. ശക്തമായ ത്രികോണ മത്സരം പലയിടങ്ങളിലും നടക്കും. വിജയപ്രതീക്ഷയോടെയുള്ള യാത്രയാണ് വിജയ യാത്ര.
ഇ. ശ്രീധരനുമായി മാസങ്ങളായി ചർച്ച നടന്നിരുന്നു. പ്രമുഖരായ പലരുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. അവർ ആരൊക്കെയാണെന്ന് വിജയ യാത്രയിൽ വെളിപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.