സിൽവർ ലൈനിന് ബദലുമായി ഇ. ശ്രീധരൻ; പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കും
text_fieldsമലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് ബദലുമായി മെട്രോമാൻ ഇ. ശ്രീധരന്‍. നിലവിലെ റെയില്‍പാത വികസിപ്പിച്ച് വേഗത്തിലുള്ള യാത്ര സാധ്യമാകുന്നതാണ് പദ്ധതി. ജനപ്രതിനിധികളുമായും പൊതുജനങ്ങളുമായും ചര്‍ച്ചചെയ്ത ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇ. ശ്രീധരന്‍ വ്യക്തമാക്കി.
പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഇ. ശ്രീധരനുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. ശേഷം മന്ത്രിയാണ് സിൽവർലൈനിന് ബദലായ ഇ. ശ്രീധരന്‍റെ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.
സിൽവർ ലൈൻ പദ്ധതി കേരളത്തിന് വലിയ പാരിസ്തിഥിക ആഘാതങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് വി. മുരളീധരൻ പറഞ്ഞു. അതോടൊപ്പം പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകും. പ്രായോഗികമല്ലാത്ത പദ്ധതിയാണിത്. കേരളത്തിന് വേഗതയുള്ള ട്രെയിനുകൾ വേണം. റോഡിലെ തിരക്കും ഒഴിവാക്കണം. ഇതിനുള്ള ബദൽ നിർദേശങ്ങൾ റെയിൽവേ വകുപ്പിന് സമർപ്പിക്കും. റെയിൽവേ വകുപ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനം എടുക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.
രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോർട്ടാണ് കേന്ദ്രത്തിന് സമർപ്പിക്കുകയെന്ന് ഇ. ശ്രീധരൻ വ്യക്തമാക്കി. നിലവിലെ റെയിൽ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികൾ.
വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവിൽ വേഗത്തിൽ നടപ്പാക്കാവുന്നതാണ് പദ്ധതികളെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ഇ. ശ്രീധരൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.