രജിസ്ട്രേഷൻ ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിങ്; വിതരണം വെണ്ടർമാർ മുഖേന മാത്രം
text_fieldsതൃശൂർ: സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇടപാടുകൾക്ക് മാര്‍ച്ച് മുതൽ ഇ-സ്റ്റാമ്പിങ് സംവിധാനം വരുന്നു. എന്നാൽ, ഇതിനു ശേഷവും മുദ്രപത്ര വിതരണം അംഗീകൃത വെണ്ടർമാർ മുഖേന മാത്രമാകും.
നിലവിൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ളവ വെണ്ടർമാർ വഴിയാണ് വിൽക്കുന്നത്. ഇതാണ് ഇ-സ്റ്റാമ്പ് സംവിധാനത്തിലേക്ക് മാറ്റുന്നത്. പൊതുജനങ്ങൾക്ക് ഏതു സമയത്തും നേരിട്ടെടുക്കാവുന്ന വിധത്തിലാവണം ഇ-സ്റ്റാമ്പ് എന്ന് ആലോചിച്ചിരുന്നെങ്കിലും അതിൽ വരാവുന്ന പ്രശ്നങ്ങൾ പരിഗണിച്ചാണ് വെണ്ടർമാരിലൂടെ മതിയെന്ന് തീരുമാനിച്ചത്. ഇ-സ്റ്റാമ്പ് നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിൽ ഒരിടത്തും ജനങ്ങൾക്ക് നേരിട്ട് എടുക്കാവുന്ന സൗകര്യമില്ല. അത്തരം സൗകര്യമുണ്ടായാൽ വ്യാജ ഇ-സ്റ്റാമ്പുകൾക്ക് സാധ്യത കൂടുമെന്നാണ് വിലയിരുത്തൽ. രജിസ്ട്രേഷൻ മന്ത്രി വിളിച്ച വെണ്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾ വെണ്ടർമാർ വഴി ഇ-സ്റ്റാമ്പാക്കാമെന്ന് തീരുമാനിച്ച് വെണ്ടർമാർക്ക് ആവശ്യമായ പരിശീലനവും നൽകിയിരുന്നു. വെണ്ടർമാരുടെ ഓഫിസ് കമ്പ്യൂട്ടർവത്കരണവും ഏകദേശം പൂർത്തിയായി.
മുദ്രപത്രങ്ങൾ ഉപയോഗിച്ചുള്ള രജിസ്ട്രേഷന് തുടർന്നും നടക്കും. എന്നാൽ, ഇതിന് പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താന്‍ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. വാടകശീട്ടിനുപോലും ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാം. മുദ്രപത്രത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ഇ-സ്റ്റാമ്പിങ് സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ തുകക്കുള്ള മുദ്രപത്രത്തിന്റെ ദൗർലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നതും ഒഴിവാകും. ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണ് ഇ-സ്റ്റാമ്പിങ് സംവിധാനത്തില്‍ ഉള്ളത്. മഷിയിൽ വിരൽ മുക്കി അടയാളം പതിപ്പിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഇനി ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും. ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിത്തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.