കാലുമാറിയെങ്കിലും ഫേസ്ബുക് മാറിയില്ല; രാജിവെച്ച സി.പി.എം നേതാവിന് പണികൊടുത്ത് അനുയായികൾ
text_fieldsകൽപറ്റ: തെരഞ്ഞെടുപ്പ് കാലം പാർട്ടി മാറ്റത്തിന്‍റെയും കാലമാണ്. എന്നാൽ പാർട്ടി മാറുമ്പോൾ ഫേസ്ബുക്കും മാറാൻ ശ്രദ്ധിക്കണമെന്നാണ് പുതിയ പാഠം. അല്ലെങ്കിൽ, വയനാട്ടിൽ രാജിവെച്ച് കോൺഗ്രസിൽ ചേർന്ന സി.പി.എം നേതാവിന് കിട്ടിയ പോലെ പണി കിട്ടും.
സി.പി.എം പുൽപ്പള്ളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരൻ പാർട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത് ഇന്ന് വൈകീട്ടോടെയാണ്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയോടൊപ്പം വാർത്താസമ്മേളനം വിളിച്ചായിരുന്നു പ്രഖ്യാപനം. 'ഞാൻ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കു'മെന്ന് അൽപസമയത്തിനകം ഇദ്ദേഹത്തിന്‍റെ ഫേസ്ബുക് പേജിൽ പോസ്റ്റും വന്നു. എന്നാൽ, യു.ഡി.എഫ് 'സ്ഥാനാർഥിയായി' താൻ സ്വയം പ്രഖ്യാപിച്ച കാര്യം ഇ.എ. ശങ്കരൻ അറിഞ്ഞിട്ടേയുണ്ടായിരുന്നില്ല.
'നിയമസഭാ തെരെഞ്ഞെടുപ്പിൽ ബത്തേരിയിൽ എന്നെ സ്ഥാനാർഥിയാക്കാമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉറപ്പ് നൽകിയതിനാലാണ് ഞാൻ കോൺഗ്രസ്സിൽ ചേർന്നത്. ബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എനിക്ക് എല്ലാവരുടെയും പിന്തുണ വേണം' -ഇതായിരുന്നു പോസ്റ്റ്.
(ഇ.എ. ശങ്കരന്‍റെ ഫേസ്ബുക് പേജിൽ വന്ന പോസ്റ്റ്)
എന്നാൽ ഇത് താൻ ഇട്ട പോസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ഇ.എ. ശങ്കരൻ തന്നെ രംഗത്തെത്തി. ഇന്നലെ വരെ സി.പി.എം നേതാവായിരുന്ന ഇദ്ദേഹത്തിന്‍റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് പാർട്ടിക്കാരായ അനുയായികളായിരുന്നു. പാർട്ടി മാറിയെങ്കിലും ഫേസ്ബുക് മാറാൻ മറന്നത് അദ്ദേഹത്തിന് പാരയായി. കാലുമാറിയ നേതാവിന് കിട്ടിയ അവസരത്തിൽ അണികൾ ഒരു പണി കൊടുക്കുകയും ചെയ്തു.
ഫേസ്ബുക് പോസ്റ്റ് ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. തന്നെ സ്ഥാനാർഥിയാക്കുന്ന കാര്യമൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും അത്തരം വാഗ്ദാനങ്ങൾ ഇല്ലെന്നും ഇ.എ. ശങ്കരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.