അഹമ്മദ് ഇനി ജനമനസ്സില്‍
text_fieldsകണ്ണൂര്‍: കണ്ണൂരില്‍ നിന്ന് വിശ്വത്തോളം വളര്‍ന്ന നേതാവിന് ആയിരങ്ങള്‍ വിട നല്‍കി. മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദ് ഇനി ജനമനസ്സുകളില്‍ ജീവിക്കും. രാഷ്ട്രീയ, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഒൗദ്യോഗിക ബഹുമതികളോടെ വ്യാഴാഴ്ച ഉച്ച 12 മണിയോടെ കണ്ണൂര്‍ സിറ്റി ജുമാമസ്ജിദിലായിരുന്നു ഖബറടക്കം. കേരളത്തിലെ ഏക മുസ്ലിം രാജസ്വരൂപമായ അറക്കല്‍ രാജസ്വരൂപ ഖബറുകള്‍ക്കരികിലാണ് അഹമ്മദിന് അന്ത്യവിശ്രമമൊരുക്കിയത്.
ബുധനാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ അന്തരിച്ച അഹമ്മദിന്‍െറ മയ്യിത്ത് രാത്രി 12 മണിയോടെയാണ് താണയിലെ വസതിയില്‍ കൊണ്ടുവന്നത്. രാവിലെ എട്ടിന്, അഹമ്മദിന്‍െറ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിന്‍െറ ആദ്യകളരിയായ കണ്ണൂര്‍ കോര്‍പറേഷനിലെ കോമ്പൗണ്ടില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നപ്പോള്‍ സൂചികുത്താനിടമില്ലാത്തവിധം ജനസാഗരമായിരുന്നു.
സര്‍വകക്ഷികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിശ്ചലമായ നാടും നഗരവും കണ്ണൂരിലേക്കൊഴുകി. 9.50ന് പൊതുദര്‍ശനത്തിനായി സിറ്റിയിലെ ദീനുല്‍ ഇസ്ലാം സഭ സ്കൂള്‍ അങ്കണത്തിലത്തെിച്ചു. അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ വളര്‍ത്തിയെടുത്ത വിദ്യാലയ മുറ്റത്തേക്ക് പത്തരയോടെ മയ്യിത്ത് എത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ സ്ത്രീകളുള്‍പ്പെടെ ആയിരങ്ങളത്തെി. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന പൊലീസ് മേധാവിക്കും ജില്ല കലക്ടര്‍ക്കും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സഘടനകള്‍ക്കും വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് എ.ഡി.എം ഇ.മുഹമ്മദ് യൂസുഫിന്‍െറ നേതൃത്വത്തില്‍ മൃതദേഹത്തില്‍ ദേശീയപതാക പുതപ്പിച്ചു.
സിറ്റി ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. നമസ്കാരത്തിനുശേഷം ഖബറിടത്തിലേക്ക് മയ്യിത്ത് എത്തിക്കാന്‍ ജനബാഹുല്യം മൂലം ഏറെ ക്ളേശിക്കേണ്ടി വന്നു. അഹമ്മദിന്‍െറ മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷര്‍ഷാദ് എന്നിവര്‍ മയ്യിത്തിനൊപ്പമുണ്ടായിരുന്നു. സായുധ പൊലീസ് ആചാരവെടി മുഴക്കി മയ്യിത്ത് ഖബറിലേക്ക് എടുത്തപ്പോള്‍ സിറ്റി ജുമാമസ്ജിദിലും പുറത്തും റോഡിലുമായി തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ തക്ബീര്‍ധ്വനികളുതിര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.