ചത്ത കേഴമാനിനെ കറിവച്ച് കഴിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsപാലോട് (തിരുവനന്തപുരം): ചത്ത കേഴമാനിനെ കറിവച്ച സംഭവത്തിൽ മൂന്ന് പേർകൂടി അറസ്റ്റിൽ. വെമ്പായം കുതിരകുളം ഈട്ടിമൂട് തോട്ടരികത്ത് വീട്ടിൽ ആർ. അൻഷാദ് (39), പാലോട് കക്കോട്ടുകുന്ന് ശരൺ ഭവനിൽ സതീശൻ (39), കക്കോട്ടുകുന്ന് കൂരിമൂട് വീട്ടിൽ എസ്.എസ്. രാജേന്ദ്രൻ (49).എന്നിവരാണ് അറസ്റ്റിലായത്. വനം വകുപ്പിലെ താൽകാലിക ഫയർ വാച്ചറാണ് അൻഷാദ്.
ഇക്കഴിഞ്ഞ മെയ് പത്തിനായിരുന്നു സംഭവം. പാലോട് ഫോറസ്റ്റ് റേഞ്ചിലെ പച്ചമല സെക്ഷനിൽ ഒരു കേഴമാനിന്റെ കാലിൽ മുറിവ് ഉണ്ടായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. നാട്ടുകാർ വിവരം വനം വകുപ്പിനെ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി മാനിനെ കൊണ്ടുപോയി. പിന്നീട് ഇത് ചാത്തതായി അറിഞ്ഞു. മറ്റ് നടപടികളൊന്നും ഉണ്ടാകാതെ വന്നപ്പോൾ നാട്ടുകാരിൽ ചിലർ വനം വകുപ്പിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേഴമാനിനെ ഉൾവനത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ മാനിനെ കറിവച്ചതായി കണ്ടെത്തി. തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷജീദ്, ബീറ്റ് സെക്ഷൻ ഓഫിസർ അരുൺ ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. കരാർ തൊഴിലാളി സനൽ രാജിനെ പുറത്താക്കി. തുടർന്ന് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. എന്നാൽ, ഫോൺ രേഖകൾ പരിശോധിച്ചതിൽ വെമ്പായം സ്വദേശിയായ അൻഷാദിനെ തിരക്കിയപ്പോൾ സംഭവം നടന്ന ശേഷം ഇയാൾ ഗൾഫിൽ പോയതായി മനസിലായി. അൻഷാദ് മൂന്നു മാസം കരാർ അടിസ്ഥാനത്തിൽ ഫയർ വാച്ചറായി ജോലി നോക്കിയിരുന്നു.
അൻഷാദും താൽകാലിക വാച്ചറായ സനൽ രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസറായ ഷജീദ് എന്നിവരും ചേർന്ന് രാജേന്ദ്രന്റെ വീട്ടിൽ വച്ചാണ് കേഴമാനെ കറിവച്ച് കഴിച്ചത്. രാജേന്ദ്രന്റെ ബന്ധുവായ സതീശനും ഒപ്പം കൂടി. അൻഷാദിനെ കഴിഞ്ഞ ദിവസം ഗൾഫിൽനിന്നും നാട്ടിലേക്ക് തിരിച്ചു വിളിച്ച് വരുത്തി എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളാണ് രാജേന്ദ്രന്റെ വീട്ടിൽ വച്ചാണ് കേഴമാനെ കറിവച്ച് കഴിച്ചതെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് രാജേന്ദ്രന്റെ വീട്ടിൽ പരിശോധന നടത്തി. ഇവിടെ നിന്നും മാനിന്റെ തോലും അവശിഷ്ടവും കണ്ടെത്തി. ഇവരെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.