മാന്ദ്യവിരുദ്ധ പാക്കേജില്‍ 20,000 കോടിയുടെ പദ്ധതി
text_fieldsതിരുവനന്തപുരം: രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജില്‍ 20,000 കോടി രൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. വലിയ റോഡുകൾ, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകൾ, പാവങ്ങളെ സംരക്ഷിക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെൻറ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) മുഖാന്തരം പണം സമാഹരിക്കും.
12,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 2800 കോടിയുടെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കും. 18,000 കോടിയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമിടും. 3000 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്കി. 1000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ടെന്‍ഡറായി.
ഭൂമിയേറ്റെടുക്കേണ്ട പദ്ധതികളില്‍ വിശദ പദ്ധതിരേഖ തയാറാക്കുന്നതിനോടൊപ്പം ഭൂമിയേറ്റെടുക്കല്‍ നടപടികളും ആരംഭിക്കും. നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കുക അല്ലെങ്കില്‍ നിക്ഷേപമായി കരുതി പ്രതിമാസം വായ്പ നല്‍കുക എന്ന ദ്വിമുഖ തന്ത്രമായിരിക്കും ഉപയോഗിക്കുക.
കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ആശങ്ക വേണ്ട. നിയമസഭയും മന്ത്രിസഭയും അംഗീകരിക്കുന്ന പദ്ധതികള്‍ക്ക് പണം ലഭ്യമാക്കുക മാത്രമാണ് കിഫ്ബിയുടെ ചുമതല. വിനോദ് റായ് ഉള്‍പ്പെടെ ലോകം അംഗീകരിക്കുന്ന വ്യക്തിത്വങ്ങളാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. നിലവില്‍ 3227 കോടി രൂപ കിഫ്ബി ഫണ്ടിലുണ്ട്. ഇപ്പോള്‍ വായ്പ എടുക്കേണ്ട ആവശ്യമില്ല. പണം ആവശ്യമുള്ളപ്പോള്‍ വായ്പ എടുത്താല്‍ മതി.
ഓരോ മാസവും എത്ര തുക കൊടുക്കണമെന്ന അനുമാന കണക്ക് തയാറാക്കുന്നുണ്ട്. റോഡ് നികുതി, പെട്രോള്‍ ഡീസല്‍ സെസ് എന്നിവയിലൂടെ 20 വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കോടി കിഫ്ബി ഫണ്ടായി സമാഹരിക്കാന്‍ കഴിയും. സംസ്ഥാനത്തിെൻറ കടമെടുപ്പ് പരിധി നാല് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. സംസ്ഥാന വരുമാനത്തിെൻറ 25 ശതമാനം മാത്രമേ കടബാധ്യത പാടുള്ളൂവെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുന്നു. നിലവില്‍ ഇത് മൂന്നു ശതമാനം മാത്രമാണ്. അതിനാലാണ് വികസനാവശ്യങ്ങള്‍ക്ക് ബജറ്റിന് പുറത്തുനിന്ന് വായ്പ കണ്ടെത്താന്‍ ശ്രമിക്കുന്നത്. നോട്ട് അസാധുവാക്കലിലൂടെയും മദ്യഷാപ്പുകള്‍ക്ക് വന്ന നിയന്ത്രണത്തിലൂടെയും സംസ്ഥാനത്തിനുണ്ടായ വരുമാനനഷ്ടം നികത്തുന്നതിന് വന്‍കിട നിക്ഷേപം അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.