‘വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വേനൽ കഴിയുന്നതുവരെ അടച്ചിടണം’
text_fieldsകൽപറ്റ: വയനാട്ടിൽ ഗുരുതരമായി തുടരുന്ന വന്യജീവി-മനുഷ്യ സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ കാലവർഷാരംഭം വരെ അടച്ചിടണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി വനംവകുപ്പധികൃതരോട് ആവശ്യപ്പെട്ടു. വിദഗ്ദ പoനം നടത്താതെ ഇവ തുറക്കരുത്. ഇക്കോ ടൂറിസം ജീവനക്കാരെ ആനയെ പ്രതിരോധിക്കാനും കാട്ടുതീയെ ചെറുക്കാനും വിന്യസിപ്പിക്കണമെന്നും സമിതി നിർദേശിച്ചു.
വേനൽ കഠിനമാവുകയാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആനക്കൂട്ടങ്ങളും മറ്റു വന്യജീവികളും വയനാടൻ കാടുകളിൽ അഭയം തേടി തമ്പടിച്ചു കൊണ്ടിരിക്കുന്നു. വെള്ളവും തീറ്റയുമില്ലാത്ത കാടിനുള്ളിലെ ടൂറിസം മൃഗങ്ങളെ പ്രകോപിതരാക്കാനും നാട്ടിൽ നാശം വിതക്കാനും കാരണമാകും. വയനാട്ടിൽ കുമിൾ പോലെ മുളച്ചുപൊന്തുന്ന ഹോം സ്റ്റേകളും റിസോർട്ടുകളും വന്യജീവി സംഘർഷത്തിന്ന് മറ്റൊരു കാരണമാണ്. ചില വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കാട്ടിനുള്ളിൽ നിയമവിരുദ്ധ ട്രക്കിങ്ങും രാത്രികാല സഫാരിയും നടക്കുന്നുണ്ട്. ആനത്താരകളിലും വനമധ്യത്തിലുമുള്ള റിസോർട്ടുകളും ഹോം സ്റ്റേകളും നിരോധിക്കണം.
മാനദണ്ഡങ്ങൾ പാലിക്കാതെയും വാഹകശേഷി ശാസ്ത്രീയമായി നിർണയിക്കാതെയുമാണ് പല ടൂറിസം കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. പുതിയ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനും നീക്കമുണ്ട്. ഹൈക്കോടതി നിശ്ചയിച്ച വിദഗ്ദ സമിതി റിപ്പോർട്ട് വരുന്നതുവരെ ഉക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ പാടില്ല.
കാടിനെ ആശ്രയിച്ചു കഴിയുന്ന ആദിവാസികൾക്ക് തൊഴിൽ നൽകുന്നതിനായാണ് വനത്തിനുള്ളിൽ ടൂറിസം അനുവദിച്ചതെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാൽ, വയനാട്ടിൽ ആദിവാസികളെ തുരത്തി മറ്റുള്ളവർ അത് കൈയടക്കിയിരിക്കയാണ്. ഇപ്പോൾ ചില രാഷ്ട്രീയ നേതാക്കന്മാരും രാഷ്ട്രീയ കക്ഷികളും ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സമരവുമായി വന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ്, ബാബു മൈലമ്പാടി, എൻ. ബാദുഷ, സണ്ണി മരക്കടവ്, എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.