ആശങ്ക ഉയർത്തി കരടു വിജ്ഞാപനം; വയനാട് വന്യജീവിസങ്കേതത്തിനു ചുറ്റും പരിസ്ഥിതിലോല മേഖല
text_fieldsകൽപറ്റ: മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായുള്ള വയനാട് വന്യജീവിസങ്കേതത്തിൻെറeco sensitive zone 3.4 കിലോമീറ്റർ വരെ പരിധിയിൽ പരിസ്ഥിതിലോല മേഖല (ഇക്കോ സെൻസിറ്റിവ് സോൺ) പ്രഖ്യാപിക്കാൻ കേന്ദ്രത്തിെൻറ കരടു വിജ്ഞാപനം. 344.53 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതത്തിെൻറ ചുറ്റുവട്ടത്തുള്ള ആറു വില്ലേജുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതിലോല മേഖല വരുന്നത്.
നേരേത്ത മലബാർ, ആറളം വന്യജീവിസങ്കേതങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കാൻ കരടു വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജില്ലയിൽ വൈത്തിരി, തിരുനെല്ലി മേഖലകളിലെ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടെ പരിധിയിൽ വന്നതിനാൽ വ്യാപക പ്രതിഷേധത്തിനിടയാക്കി. പിന്നാലെയാണ് ജനവാസകേന്ദ്രങ്ങൾ ഉൾപ്പെടുത്തി വയനാട് വന്യജീവിസങ്കേതത്തിനു ചുറ്റിലും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കാനുള്ള നീക്കം. റോഡ് നിർമാണം, കെട്ടിടനിർമാണം, വ്യവസായങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കരടിൽ ഉൾക്കൊള്ളിച്ചതോടെ കർഷകർ ഉൾപ്പെടെ വലിയൊരു വിഭാഗം ജനം ആശങ്കയിലാണ്.
സങ്കേതത്തിനു ചുറ്റിലുമായി മൊത്തം 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുക. ഇതിൽ 99.5 ചതുരശ്ര കിലോമീറ്റർ വന്യജീവി സങ്കേതത്തിന് പുറത്തും 19.09 ചതുരശ്ര കിലോമീറ്റർ സങ്കേതത്തിനുള്ളിലെ റവന്യൂ വില്ലേജുകളിലും ഉൾപ്പെടും. രണ്ടു താലൂക്കുകളിലുമായി 57 ജനവാസകേന്ദ്രങ്ങൾ പരിസ്ഥിതിലോല മേഖലയുടെ പരിധിയിലാകും. പാറഖനനം, വൻകിട ജലവൈദ്യുതി പദ്ധതികൾ, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെല്ലാം നിരോധിക്കും. ഹോട്ടൽ, റിസോർട്ട് നിർമാണങ്ങൾക്കും നിയന്ത്രണം വരും.
പരിസ്ഥിതിലോല പ്രദേശങ്ങൾ
മാനന്തവാടി താലൂക്കിലെ തിരുനെല്ലി, തൃശ്ശിലേരി എന്നിവയും സുൽത്താൻ ബത്തേരി താലൂക്കിലെ പുൽപള്ളി, ഇരുളം, നൂൽപുഴ, കിടങ്ങനാട് എന്നിവയും പരിസ്ഥിതിലോല മേഖലയിലാകും. ചെട്യാലത്തൂർ, മുത്തങ്ങ, കുണ്ടൂർ, കുമിഴി, പൊൻകുഴി, ആലത്തൂർ, പുത്തൂർ, ഓടപ്പള്ളം, കുറിച്യാട്, വടക്കനാട്, ചെതലയം, ബേഗൂർ, കൊട്ടിയൂർ ഉൾപ്പെടെ 57 ജനവാസകേന്ദ്രങ്ങളും കരടു വിജ്ഞാപനത്തിൽ പരിസ്ഥിതിലോല പ്രദേശമാണ്.
വയനാട് വന്യജീവിസങ്കേതം
സഹ്യപർവതത്തോടു ചേർന്ന വന്യജീവി സംരക്ഷണ കേന്ദ്രം. ആനകൾക്കും പുലികൾക്കും പ്രശസ്തം. 1973ലാണ് വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്.
ബന്ദിപ്പൂർ ദേശീയോദ്യാനം, മുതുമല വന്യജീവി സംരക്ഷണ കേന്ദ്രം, നാഗർഹോളെ വന്യജീവി സംരക്ഷണകേന്ദ്രം എന്നിവയോടു ചേർന്നാണ്. വലുപ്പത്തിൽ കേരളത്തിലെ വന്യജീവി സംരക്ഷണകേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.