പരിസ്ഥിതിലോല മേഖല: കേരളം ഭേദഗതി ഹരജി സമർപ്പിക്കും
text_fieldsതിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇ.എസ്.സെഡ്) ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാനം ഭേദഗതി ഹരജി സമർപ്പിക്കും. തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാൻ ബുധനാഴ്ച മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ജനവാസമേഖലകള്‍ ഒഴിവാക്കി വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പരിസ്ഥിതി സംവേദക പ്രദേശങ്ങള്‍ (എക്കോ സെന്സിറ്റിവ് സോണ്‍) നിർണയിക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെന്ന് യോഗശേഷം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, പ്രളയപശ്ചാത്തലത്തിൽ 2019 ഒക്ടോബറിൽ ചേർന്ന മന്ത്രിസഭയോഗം, സംരക്ഷിത വനമേഖലകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും സമീപം ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച് തീരുമാനം കൈക്കൊണ്ടത് സർക്കാറിനെ തിരിഞ്ഞുകുത്തുകയാണ്. അപ്രകാരം തീരുമാനമെടുത്ത സർക്കാറാണ് സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകാൻ പുറപ്പെട്ടിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, അത്തരം പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംവേദക മേഖല നിർദേശിച്ച് ഇതിനകം കേന്ദ്രത്തിന് നല്കിയ അപേക്ഷകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കോടതി ഉത്തരവിന്റെ ഖണ്ഡിക 44 (f)ല്‍ പറയുന്നപ്രകാരം ജനവാസമേഖല ഒഴിവാക്കി നിലവിലെ നിർദേശം തന്നെ വീണ്ടും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിക്കും സമര്‍പ്പിച്ച് സുപ്രീംകോടതിയില്‍നിന്ന് ഇളവ് വാങ്ങും. നിലവിലെ നിർമാണങ്ങള്‍ സംബന്ധിച്ചും ഓരോ പ്രദേശത്തെയും വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുമുള്ള വിശദാംശം സമയബന്ധിതമായി തയാറാക്കി സുപ്രീംകോടതിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.