പരിസ്ഥിതിലോല മേഖല: സുപ്രീംകോടതി വിധി തിരിച്ചടി, ജനങ്ങളെ കുടിയൊഴിപ്പിക്കില്ല -മന്ത്രി എ.കെ. ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാടെന്നു മന്ത്രി വ്യക്തമാക്കി.
സുപ്രീംകോടതി വിധി കേരളത്തിലെ മലയോരങ്ങളിലെ ജീവിതങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നമാണ്. കേരളത്തിലാകെ 24 സോണുകളാണ് ഇത്തരത്തിലുള്ളത്. ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ കേരളത്തിന്‍റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സുപ്രീംകോടതി വിധി. തുടർനടപടികൾ സുപ്രീംകോടതിയിലെ കേരളത്തിന്‍റെ അഡ്വക്കറ്റ് കോൺസലുമായും കേരളത്തിന്‍റെ അഡ്വക്കറ്റ് ജനറലുമായും ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ഇക്കാര്യം സംസാരിക്കും -മന്ത്രി അറിയിച്ചു.
പരിസ്ഥിതിലോല മേഖലയില്‍ ഒരുകിലോമീറ്ററിനുള്ളിൽ വികസന - നിര്‍മാണ പ്രവര്‍ത്തനങ്ങൾ വിലക്കിയ സുപ്രീംകോടതി വിധിയില്‍ കേരളത്തിലടക്കം കടുത്ത ആശങ്കയാണ് ഉയർന്നിരിക്കുന്നത്. സംരക്ഷിത വനാതിര്‍ത്തിക്ക് സമീപമുള്ള ചെറുപട്ടണങ്ങളെ കോടതി വിധി ബാധിച്ചേക്കുമോയെന്ന പ്രശ്നമാണ് പ്രധാനമായും പങ്കുവെക്കപ്പെടുന്നത്. സംസ്ഥാനത്ത് തേക്കടി, ബത്തേരി തുടങ്ങിയ പട്ടണ മേഖലകളിലുള്ളവരാണ് ആശയക്കുഴപ്പത്തിലായത്. തലസ്ഥാന ജില്ലയിൽ പേപ്പാറ, നെയ്യാർഡാം മേഖലകളിലുള്ളവരും ഇതേ അവസ്ഥയിലാണ്.
കോടതി വിധി പഠിച്ചശേഷം റിപ്പോര്‍ട്ട് തയാറാക്കാന്‍ വനം മേധാവിയോട് മന്ത്രി എ.കെ. ശശീന്ദ്രന് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലുള്ള നിര്‍മിതികളെക്കുറിച്ച് മൂന്നുമാസത്തിനകം വനം അധികൃതര്‍ റിപ്പോര്‍ട്ട് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.