പരിസ്ഥിതിലോല മേഖല: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം 30ന്
text_fieldsതിരുവനന്തപുരം: സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി വിധിക്കെതിരേ തിരുത്തല്‍ ഹരജി കൊടുക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. 30ന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ വനംമന്ത്രിയെ കൂടാതെ ചീഫ് സെക്രട്ടറി, വനം സെക്രട്ടറി, നിയമ സെക്രട്ടറി, വനം വകുപ്പുമേധാവി തുടങ്ങിയവരും പങ്കെടുക്കും.
ബഫര്‍സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം രാഷ്ട്രീയ വിവാദമായി കത്തിപ്പടരുന്നതിനിടയിലാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേരളത്തിന്റെ നടപടികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗം വിളിച്ചത്.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഡ്വക്കറ്റ് ജനറല്‍, നിയമ സെക്രട്ടറി, വനം സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവധി കഴിഞ്ഞു സുപ്രീംകോടതി തുറക്കുന്ന ജൂലൈ 12ന് തിരുത്തല്‍ ഹരജി ഫയല്‍ ചെയ്യാനായിരുന്നു നേരത്തേ വനംമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നത്.
ജനവാസ മേഖലയെ പരിസ്ഥിതിലോല പ്രദേശ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയ എംപവേര്‍ഡ് കമ്മിറ്റിയെയും സമീപിക്കേണ്ടതുണ്ട്. കോടതി ഉത്തരവുപ്രകാരം സംസ്ഥാനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. ജനവാസ മേഖലകളില്‍ ദൂരപരിധി പാടില്ലെന്ന കേരളത്തിന്‍റെ അഭിപ്രായം കമ്മിറ്റിയെ അറിയിക്കാന്‍ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.