സാമ്പത്തിക പ്രതിസന്ധി: ചർച്ചക്ക് തയാറെന്ന് കേന്ദ്രവും കേരളവും; ഹരജി തിങ്കളാഴ്ച പരിഗണിക്കും
text_fieldsന്യൂഡല്‍ഹി/തിരുവനന്തപുരം: വായ്പാ പരിധി തർക്കത്തിൽ കേന്ദ്രവും കേരളം തമ്മിൽ നാളെ ചർച്ച നടത്തും. കേന്ദ്രത്തിന്റെ വായ്പാ പരിധി നിയന്ത്രണത്തിനെതിരെ കേരളം നൽകിയ കേസ് പരിഗണിക്കുന്നതിനിടെ, പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടേയെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഇരുകൂട്ടരും തയാറാണെന്ന് അറിയിച്ചതോടെയാണ് ചർച്ചക്ക് വഴിയൊരുങ്ങിയത്.
ചര്‍ച്ചക്ക് തയാറായ കേന്ദ്ര, സംസ്ഥാന സർക്കാറുകളെ സുപ്രീംകോടതി അഭിനന്ദിച്ചു. സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണ് സര്‍ക്കാറുകളുടെ നടപടിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കുമ്പോൾ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാനും കോടതി നിർദേശം നൽകി. കേരളത്തിന്റെ ധനകാര്യ സെക്രട്ടറിയും കേന്ദ്ര ധനകാര്യമന്ത്രിയും തമ്മിൽ ചർച്ച നടത്തിക്കൂടെയെന്ന് ജസ്റ്റിസ് സുര്യകാന്താണ് ചോദിച്ചത്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും.
ആരാണ് ചര്‍ച്ച നടത്തേണ്ടതെന്നും നിങ്ങള്‍ തീരുമാനിക്കുക. നിങ്ങളുടെ തീരുമാനമനുസരിച്ച് കോടതി മുന്നോട്ടുപോകുമെന്നും ജസ്റ്റിസ് സുര്യകാന്ത് പറഞ്ഞു. ചർച്ചക്ക് ബുധനാഴ്ചതന്നെ തയാറാണെന്ന് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചു. എന്നാൽ, ഉച്ചക്കുശേഷം നിലപാട് അറിയിക്കാമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോണി ജനറൽ വെങ്കിട്ട രമണിയും പറഞ്ഞു.
ഉച്ചക്കുശേഷം ഹരജി പരിഗണിച്ചപ്പോൾ, കോടതി നിർദേശത്തെ അങ്ങേയറ്റം ബഹുമാനത്തോടെ കാണുന്നെന്നും ചർച്ചക്ക് തയാറാണെന്നും അറ്റോണി ജനറലും വ്യക്തമാക്കി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാല്‍, ചെറിയ സമയപരിധിക്കുള്ളില്‍ തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണെന്ന് നിരീക്ഷിച്ച കോടതി ഫെബ്രുവരി 19ന് ഉച്ചക്ക് രണ്ടുമണിക്ക് പരിഗണിക്കാൻ മാറ്റി.
അതേസമയം, ചർച്ചക്കായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേതൃത്വം നൽകുന്ന നാലംഗ സംഘം വ്യാഴാഴ്ച ഡൽഹിയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരും സംഘത്തിലുണ്ട്. ആദ്യഘട്ടത്തിൽ കേരളത്തിന്റെ ഹരജിയെ പൂർണമായും എതിർക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും അനാവശ്യ ചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വാദം ഉയർത്താനായിരുന്നു ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.