സാമ്പത്തിക സംവരണം: എ.ഐ.വൈ.എഫ് ജില്ല സമ്മേളനത്തിൽ ബഹളം, പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയില്ല
text_fieldsതൃശൂർ: സവർണ സാമ്പത്തിക സംവരണത്തെ ചൊല്ലി എ.െഎ.വൈ.എഫ് തൃശൂർ ജില്ല സമ്മേളനത്തിൽ ബഹളം. സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റികൾ തയാറാക്കിയ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് നേതാക്കളും പ്രതിനിധികളും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രമേയം ദേശീയ കമ്മിറ്റിക്ക് വിടുന്നതായി നേതാക്കൾ സമ്മേളനത്തെ അറിയിക്കുകയായിരുന്നു. ജില്ലയിൽ വിവിധ മണ്ഡലം സമ്മേളനങ്ങളിൽ സംവരണ വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ജില്ല സമ്മേളനത്തിൽ പ്രമേയം എത്താതിരിക്കാൻ നേതാക്കൾ ഇടപെട്ടെങ്കിലും മണ്ഡലം കമ്മിറ്റികൾ നിർദേശം തള്ളി.
ജില്ലയിലെ സി.പി.ഐ ശക്തികേന്ദ്രമായ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ഔദ്യോഗിക പ്രമേയമായി തന്നെ അവതരിപ്പിച്ച് ഐകകണ്ഠ്യേന പാസാക്കിയിരുന്നു. ജില്ല സമ്മേളനത്തിൽ കൊടുങ്ങല്ലൂരിനെ കൂടാതെ നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട, ചേലക്കര തുടങ്ങിയ മണ്ഡലം കമ്മിറ്റികളിലെ പ്രതിനിധികളും സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം നൽകിയിരുന്നു.
എന്നാൽ, പ്രമേയ കമ്മിറ്റി ഇവ വായിക്കാൻ തയാറായില്ല. പ്രമേയം വോട്ടിനിടണമെന്നും അത് സമ്മേളനത്തിെൻറ വികാരമാണെന്നും പറഞ്ഞ് പ്രതിനിധികൾ ബഹളംെവച്ചു. ഇതോടെ പ്രമേയം തള്ളിയിട്ടില്ല എന്നും ഭരണഘടന ഭേദഗതി ദേശീയ വിഷയമായതിനാൽ ദേശീയ സമ്മേളനത്തിന് റഫർ ചെയ്യുകയാണെന്നും വിശദീകരണം നൽകി പ്രസീഡിയം കൈകഴുകുകയായിരുന്നു.
പ്രതിനിധി സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം െചയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്, സംസ്ഥാന കൗൺസിൽ അംഗവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽകുമാർ, ജില്ല അസി. സെക്രട്ടറി ടി.ആർ. രമേഷ്കുമാർ, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദൻ, എം. സ്വർണലത, എ.ആർ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.