സാമ്പത്തികസ്ഥിതി അതിദയനീയം: കടബാധ്യതയിൽ മുങ്ങി കേരളം
text_fieldsകൊച്ചി: സാമ്പത്തികസ്ഥിതി ദയനീയമാകുമ്പോൾ കടബാധ്യതയിൽ മുങ്ങി സംസ്ഥാനം. 2021 ഏപ്രിൽ മുതലുള്ള അഞ്ചുമാസത്തിനിടെ കേരളം കടമെടുത്തത് 28850.47 കോടി രൂപയാണ്. പ്രതിദിനം ശരാശരി 192.33 കോടി രൂപ കടമെടുക്കുന്നുവെന്ന് സാരം. മലയാളിയുടെ ആളോഹരി കടബാധ്യതയും സംസ്ഥാനത്തിെൻറ പൊതുകടവും കുതിച്ചുയർന്നിരിക്കുകയാണെന്ന് ധനകാര്യ ഇൻഫർമേഷൻ വകുപ്പിെൻറ ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ മലയാളിയുടെ ആളോഹരി കടബാധ്യത 95225.29 രൂപയായി ഉയർന്നു.
അഞ്ചര വർഷത്തിനിടെ 196 ശതമാനത്തിെൻറ വർധനയാണുണ്ടായത്. 2021 മാർച്ചിലെ കണക്കുകൾ പ്രകാരം 55778.34 രൂപയായിരുന്നു ആളോഹരി കടബാധ്യത. എന്നാൽ, അഞ്ചര മാസംകൊണ്ട് 71 ശതമാനത്തിെൻറ വർധനയുണ്ടായി. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ ആളോഹരി കടബാധ്യത 32129.23 ആയിരുന്നു.
2021 മാർച്ചിൽ 1,94188.46 കോടിയായിരുന്ന പൊതുകടം ആഗസ്റ്റ് ആയപ്പോൾ 33,15,117,31 രൂപയായി വർധിച്ചു. 2016 മാർച്ചിൽ കടബാധ്യത 1,57,370 കോടി രൂപയായിരുന്നുവെന്നും കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ അധികൃതർ വ്യക്തമാക്കി.
2021 മേയ് 31നുശേഷം ധനകാര്യ വകുപ്പ് മുഖേന എടുത്ത വായ്പകൾ, കടപ്പത്രങ്ങൾ, എൻ.എസ്.എസ്.എഫ് വഴിയുള്ള വായ്പകൾ, എൻ.സി.ഡി.സി വഴിയുള്ള ധനസഹായം, ഹ്രസ്വകാല വെയ്സ് ആൻഡ് മീൻസ് അഡ്വാൻസുകൾ എന്നിവയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കടപ്പത്രങ്ങൾ വഴി 17,500 കോടി രൂപയും എൻ.എസ്.എസ്.എഫ് വഴി 2492.22 കോടി രൂപയും സമാഹരിച്ചിട്ടുണ്ട്.
ഈ സാമ്പത്തികാവസ്ഥയിൽ നിന്നാണ് വിവിധ മേഖലകൾക്ക് സർക്കാർ ധനസഹായം അനുവദിക്കുന്നതും. ഒന്നാം പിണറായി സർക്കാറിെൻറ കാലംമുതൽ ഇതുവരെ കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാൻ 1519.34 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. 2003 മുതൽ 2021-22 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ കുടുംബശ്രീ യൂനിറ്റുകൾക്ക് 1808.73 കോടിയും അനുവദിച്ചിട്ടുണ്ട്. 2003 മുതൽ 2015-2016 വരെ കാലയളവിൽ സർക്കാറുകൾ 633.83 കോടി രൂപയായിരുന്നു കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് നൽകിയത്.
2021 ഏപ്രിൽ ഒന്നുമുതൽ
ആഗസ്റ്റ് 31 വരെ എടുത്ത
കടം (തുക കോടിയിൽ)
ആഭ്യന്തര വായ്പ 12198.03
കേന്ദ്ര വായ്പ 126.61
ചെറുനിക്ഷേപം, പി.എഫ് 16525.83
ആകെ 28850.47
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.