മണിപ്പൂർ: കുക്കികളുടെ മരണം ഭീകരരുടെ മരണമായി ചിത്രീകരിച്ചത് പ്രതിഷേധാർഹം -ഡോ. പ്രകാശ് പി. തോമസ്
text_fieldsതിരുവല്ല: മണിപ്പൂരിലെ നരവേട്ട അവസാനിപ്പിക്കണമെന്നും 70 ദിവസമായിട്ടും തുടരുന്ന കലാപത്തിന് അടിയന്തരമായി അറുതി ഉണ്ടാക്കണമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു. മണിപ്പൂർ അക്രമങ്ങൾക്കെതിരെ ഇലവുംതിട്ട എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് നടത്തിയ റാലിയെ തുടർന്നുള്ള പൊതുസമ്മേളനം ഇലവുംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണിപ്പൂർ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ കേന്ദ്രം ഇനിയും കാലതാമസം വരുത്തരുത്. 70 ദിനങ്ങൾ കഴിഞ്ഞിട്ടും കലാപം തുടരുന്നത് സംസ്ഥാന സർക്കാരിൻറെ വീഴ്ചയാണ്. കുക്കികളുടെ മരണത്തെ ഭീകരരുടെ മരണമായി ചിത്രീകരിച്ച മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ നിലപാട് പ്രതിഷേധാർഹമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്രസുരക്ഷാ ഉപദേഷ്ടാവും സൈനിക മേധാവിയും ഈ നിലപാട് തള്ളിയത് സ്വാഗതം ചെയ്യുന്നു. എന്നാൽ നാളിതുവരെയും കലാപം അവസാനിച്ചില്ല എന്നത് ആശങ്കയുളവാക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തി. നടപടി എടുക്കേണ്ടവരുടെ മൗനം ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണം അല്ല. മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും ജോലിയും നൽകുന്നതോടൊപ്പം തകർക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും മറ്റ് കെട്ടിടങ്ങളും പുനർ നിർമ്മിച്ചു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫാ. ജോയി സാമുവൽ, റവ. മാത്യു പി ജോർജ്, റവ. പി എം എബ്രഹാം, റവ. ജെയിംസ് തോമസ്, ക്യാപ്റ്റൻ സിലാസ്, റവ. പ്രതീഷ് ഉമ്മൻ, റവ. ജോസി ജോർജ്, ഫാ. സനു എന്നിവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.