മുന്നാക്ക സംവരണ കുരുക്ക്: കേരളത്തിലെ മെഡിക്കൽ പ്രവേശനവും വൈകും
text_fieldsതിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിലെ മുന്നാക്ക സംവരണ മാനദണ്ഡം നിയമക്കുരുക്കിൽ അകപ്പെട്ടതോടെ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശന നടപടികളും വൈകിപ്പിക്കും. പ്രവേശനത്തിനായുള്ള കേരള റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെങ്കിലും കൗൺസലിങ് നടപടികളുടെ ഷെഡ്യൂൾ തയാറാക്കാനായിട്ടില്ല.
മെഡിക്കൽ പി.ജി, യു.ജി കോഴ്സുകളിലെ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൽ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മെഡിക്കൽ പി.ജി പ്രവേശനത്തിന് മുന്നാക്ക സംവരണ ആനുകൂല്യത്തിന് വാർഷിക വരുമാന പരിധി പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യമായി, എട്ട് ലക്ഷം നിശ്ചയിച്ചതാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
സാമ്പത്തിക പിന്നാക്കാവസ്ഥ അടിസ്ഥാനപ്പെടുത്തിയുള്ള മുന്നാക്ക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷമാക്കിയതിെൻറ മാനദണ്ഡം എന്തെന്ന് കേന്ദ്രസർക്കാറിന് വിശദീകരിക്കാൻ കഴിയാെത വന്നതോടെയാണ് പ്രവേശന നടപടികൾ ആദ്യം കോടതി തടഞ്ഞത്.
വ്യാഴാഴ്ച കേസ് സുപ്രീംകോടതി വീണ്ടും പരിഗണിച്ചപ്പോൾ മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതിയിലുള്ള കേസ് മെഡിക്കൽ പി.ജി പ്രവേശനവുമായി ബന്ധപ്പെട്ടാണെങ്കിലും മെഡിക്കൽ യു.ജി പ്രവേശനത്തിലെ മുന്നാക്ക സംവരണത്തിനും സമാന പ്രശ്നം നേരിടേണ്ടിവരും.
മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശന നടപടികൾ മുന്നാക്ക സംവരണത്തിെൻറ വരുമാന പരിധി പ്രശ്നവുമായി ബന്ധപ്പെട്ട് ഇതുവരെ കേന്ദ്രസർക്കാറിെൻറ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്ക് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിെൻറയും അതിനനുസൃതമായി സംസ്ഥാന ക്വോട്ട പ്രവേശനത്തിെൻറയും ഷെഡ്യൂൾ പ്രസിദ്ധീകരിക്കേണ്ടത്. ഇൗ ഷെഡ്യൂൾ പ്രകാരമാണ് കേരളത്തിലും പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കുന്നത്.
സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം തന്നെ കൗൺസലിങ് ഷെഡ്യൂളും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ അഖിലേന്ത്യ ക്വോട്ട പ്രവേശന നടപടികൾ ആരംഭിക്കാതെ സംസ്ഥാനത്തെ പ്രവേശന നടപടികൾ തുടങ്ങാനാകില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രവേശന പരീക്ഷ കമീഷണറേറ്റിനെ അറിയിച്ചത്.
നാലാഴ്ചക്കകമായിരിക്കും കേന്ദ്രസർക്കാർ മുന്നാക്ക സംവരണ വരുമാന പരിധിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. അതുവരെ മെഡിക്കൽ പി.ജിക്കൊപ്പം യു.ജി പ്രവേശനവും വൈകും. മെഡിക്കൽ യു.ജി കോഴ്സുകളിൽ സംസ്ഥാനങ്ങളിലെ ഗവൺമെൻറ് മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളാണ് പ്രധാനമായും നികത്തുന്നത്. രണ്ട് അലോട്ട്മെൻറിന് ശേഷം അവശേഷിക്കുന്ന സീറ്റുകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് തിരിച്ചുനൽകുകയും ചെയ്യും. ഇൗ സീറ്റുകൾ സംസ്ഥാന കൗൺസലിങ്ങിൽ ഉൾപ്പെടുത്തിയാണ് നികത്തുന്നത്.
അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനനുസൃതമായി പ്രവേശനം ക്രമീകരിച്ചാൽ മാത്രമേ ഇൗ പ്രക്രിയ പൂർത്തിയാക്കാനാകൂ. ഫലത്തിൽ ഇത് കേരളത്തിലെ എം.ബി.ബി.എസ് പ്രവേശന നടപടികളെയും വൈകിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.