കരുവന്നൂർ ബാങ്കിൽ വീണ്ടും ഇ.ഡി സംഘം; പ്രവർത്തനപരിധിക്ക് പുറത്തുനിന്ന് വായ്പയെടുത്തവരുടെ വിവരം ശേഖരിച്ചു
text_fieldsതൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൈകോടതിയെ അറിയിച്ചതിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം ചൊവ്വാഴ്ച ബാങ്കിൽ പരിശോധനക്കെത്തി. ബാങ്കിന്റെ പ്രവർത്തനപരിധിക്കു പുറത്തുള്ളവർക്ക് വായ്പ കൊടുത്തതിന്റെ വിശദാംശങ്ങൾ ശേഖരിക്കാനായിരുന്നു സന്ദർശനമെന്നാണ് വിവരം.
ഇതിന്റെ വിവരങ്ങൾ ഇ.ഡി സംഘം ബാങ്കിൽനിന്ന് എടുത്തിട്ടുണ്ട്. അനധികൃതമായി വായ്പയെടുത്തവരുടെ വിലാസവും ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സാധ്യതയുണ്ടെന്ന് പറയുന്നു. മൂല്യം കുറഞ്ഞ ഈടിന്മേൽ പ്രവർത്തനപരിധിക്ക് പുറത്തുള്ളവർക്ക് ബാങ്ക് വായ്പ നൽകിയതായി നേരത്തേ കണ്ടെത്തിയിരുന്നു.
കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവർക്ക് അടുത്തിടെ ഹൈകോടതി ജാമ്യം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇവർ കുറ്റംചെയ്തതായി കരുതാൻ കാരണമില്ലെന്ന് പരാമർശിച്ചിരുന്നു.
ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഇ.ഡി ആലോചിക്കുന്നതായാണ് വിവരം. ജാമ്യ ഉത്തരവിലെ ചില പരാമർശങ്ങൾ നീക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടേക്കും. ഹൈകോടതിയുടെ പരാമർശം കേസിന്റെ വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ.ഡി കരുതുന്നത്. അതേസമയം, ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.