കിഫ്ബിയുടെ പൂർണ ഉത്തരവാദിത്തം തനിക്ക്, ഇ.ഡിക്ക് വേണമെങ്കിൽ അറസ്റ്റ് ചെയ്യാം -തോമസ് ഐസക്
text_fieldsആലപ്പുഴ: കിഫ്ബിയില്‍ എന്ത് നടന്നാലും അതിെൻറ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും ഉദ്യോഗസ്ഥരെ ഉന്നംവെക്കുന്നതിനു പകരം പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യുകയാണ് എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചെയ്യേണ്ടതെന്നും മന്ത്രി ടി.എം. തോമസ് ഐസക്. ഇ.ഡിയെ ഇതിനു രാഷ്ട്രീയമായി വെല്ലുവിളിക്കുന്നു. കിഫ്ബി എന്താണെന്ന് അറിയാത്ത മഹാന്മാരാണ് അന്വേഷിക്കുന്നത്.
ഈ രാഷ്ട്രീയ കളിക്ക് വഴങ്ങില്ല. ചോദ്യംചെയ്യലിനു ഹാജരാകാത്ത കിഫ്ബി ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പ്രചരിപ്പിക്കുകയാണ് ഇ.ഡിയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മോദിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമായി ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും മാറിയിരിക്കുകയാണ്. കിഫ്ബിയിലെ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഇ.ഡി നീക്കം നടത്തുന്നുണ്ട്.
ഇതിനെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി തുടക്കം കുറിച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരണമോ വേണ്ടയോ എന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. വികസനം അട്ടിമറിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഒത്താശ ചെയ്യുന്ന യു.ഡി.എഫിനുമുള്ള മറുപടി ജനം വോട്ടിലൂടെ നല്‍കും.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കിഫ്ബി വികസന പദ്ധതി ഉടച്ചുവാർക്കുമെന്നാണ് പറയുന്നത്. ഉടക്കുന്നതിന് മുമ്പ് വാർക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം. ഉടയ്ക്കാൻ അവർക്ക് സാധിക്കുമെന്നും എന്നാൽ, വാർക്കാനറിയില്ലെന്നും ഐസക് പരിഹസിച്ചു.
കിഫ്ബിയെ വേട്ടയാടുന്ന കേന്ദ്രം, സമാനമായ െഡവലപ്മെൻറ് ഫിനാന്‍ഷ്യല്‍ ഇന്സ്റ്റിറ്റ്യൂഷൻ (ഡി.എഫ്.ഐ) സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനെ സി.ബി.ഐ അടക്കം കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരിധിയില്‍ നിന്നൊഴിവാക്കുകയാണെന്നതാണ് വിരോധാഭാസമെന്ന് തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.