പൊലീസ് എഫ്.ഐ.ആർ റദ്ദാക്കിയാൽ ഇ.ഡി കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി
text_fieldsമണപ്പുറം ഫിനാൻസ് എം.ഡി അടക്കമുള്ളവർക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി
കൊച്ചി: പൊലീസ് അന്വേഷണത്തിന്‍റെ പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) റദ്ദാക്കിയാൽ ഇതിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി. ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമ്പോഴാണ് ഇ.ഡിക്ക് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നതെന്നും പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയോ റദ്ദാക്കുകയോ ചെയ്താൽ ഇതിന്‍റെ അടിസ്ഥാനത്തിലുള്ള തുടർനടപടികളെല്ലാം ഇല്ലാതാകുമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വ്യക്തമാക്കി.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വലപ്പാട് പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പി.എം.എൽ.എ) മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ വി.പി. നന്ദകുമാർ അടക്കമുള്ളവർക്കെതിരെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഉത്തരവ്.
വഞ്ചനാക്കേസിൽ വാദിയും പ്രതിയും ഒത്തുതീർപ്പിലെത്തുകയും ഹൈകോടതി കേസ് റദ്ദാക്കുകയും ചെയ്തിരുന്നു. എഫ്.ഐ.ആർ റദ്ദാക്കിയിട്ടും ഇ.ഡി നടപടി തുടരുന്നത് ചോദ്യം ചെയ്താണ് ഇവർ ഹൈകോടതിയിൽ ഹരജി നൽകിയത്. പ്രധാന കേസ് റദ്ദാക്കിയ പശ്ചാത്തലത്തിൽ ഇതിന്റെ തുടർച്ചയായി എടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്നായിരുന്നു വാദം. വസ്തു ഇടപാടുമായി ബന്ധപ്പെട്ട പ്രധാന വഞ്ചനാക്കേസ് റദ്ദാക്കിയ സാഹചര്യത്തിൽ ഇ.ഡി കേസ് തുടരാനാകില്ലെന്നും ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ റദ്ദാക്കിയാലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണം തുടരാമെന്നായിരുന്നു ഇ.ഡിയുടെ നിലപാട്. എന്നാൽ, പി.എം.എൽ.എ ആക്ടിൽ പറയുന്ന ഷെഡ്യൂൾഡ് കുറ്റകൃത്യത്തിലൂടെ അനധികൃതമായി സ്വത്ത് സ്വന്തമാക്കിയാലേ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
അതിനാൽ, ഹരജിക്കാർക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയതിനാൽ കേസ് നിലനിൽക്കില്ല. എന്നാൽ, പൊലീസ് കേസ് പുനരുജ്ജീവിപ്പിക്കുന്ന സാഹചര്യമുണ്ടായാൽ ഇ.ഡി നടപടികളും പുനരാരംഭിക്കാനാവുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.