ബിനീഷിെൻറ ഉടമസ്ഥതയിലുള്ളത് കടലാസ് കമ്പനികളെന്ന് ഇ.ഡി
text_fieldsബംഗളൂരു: ബിനീഷ് കോടിയേരിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികൾ രേഖകളിൽ മാത്രം പ്രവർത്തിക്കുന്ന 'ഷെൽ കമ്പനികൾ' ആണെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
ബിനീഷ് ഡയറക്ടറായി ബംഗളൂരു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത 'ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസസ്', 'ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ്' എന്നീ പണമിടപാട് സ്ഥാപനങ്ങളും ചെന്നൈ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത 'ടോറസ് റെമഡീസ്' എന്ന മരുന്നുവിതരണ കമ്പനിയും രജിസ്റ്റർ ചെയ്ത വിലാസത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് നവംബർ നാലിന് നടത്തിയ പരിശോധനയിൽ ഇ.ഡി കണ്ടെത്തിയിരുന്നു. ഇൗ കമ്പനികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ പോലുമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും വെളിപ്പെടുത്തിയ ഇ.ഡി, വ്യാജ വിലാസത്തിൽ പ്രവർത്തിച്ചിരുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ കോടതിയെ അറിയിച്ചിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് (39), റിേജഷ് രവീന്ദ്രൻ (37) എന്നിവർ ഡയറക്ടർമാരായി എറണാകുളത്ത് രജിസ്റ്റർ ചെയ്ത 'റിയാൻഹ ഇവൻറ് മാനേജ്മെൻറ്', ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത 'യൂഷ് ഇവൻറ്സ് മാനേജ്മെൻറ്' ആൻഡ് പ്രൊഡക്ഷൻസ് എന്നിവ ബിനീഷിെൻറ ബിനാമി കമ്പനികളാണെന്ന കണ്ടെത്തലിൽ രജിസ്ട്രാർ ഒാഫ് കമ്പനീസിൽനിന്നും ബന്ധപ്പെട്ട ബാങ്കുകളിൽനിന്നും വിശദാംശം തേടിയിരുന്നു. ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസസ്, ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് എന്നിവ ആരംഭിക്കുന്നതും അനൂപ് മുഹമ്മദ് ബംഗളൂരുവിൽ ഹയാത്ത് ഹോട്ടൽ ആരംഭിക്കുന്നതും 2015ലാണ്. ഇ-ഫയലിങ് നടക്കാത്തതിനാൽ ഇൗ കമ്പനികളുടെ പ്രവർത്തനം കമ്പനികാര്യ മന്ത്രാലയം റദ്ദാക്കുന്നതും അനൂപിെൻറ ആദ്യഘട്ട ബിസിനസ് അവസാനിപ്പിക്കുന്നതും 2018ലാണ്. ഇൗ സമാനതകളിൽ ദുരൂഹതയുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.